Cricket Sports

‘പന്ത്’ പുറത്തേക്കെങ്കില്‍ സഞ്ജുവിന് നറുക്ക് വീഴാന്‍ സാധ്യത

മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് താക്കീതുമായ് ചീഫ് സിലക്ടര്‍ എം എസ് കെ പ്രസാദ്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇപ്പോഴും പന്തിനെ തന്നെയാണ് പരിഗണിക്കുന്നതെങ്കിലും പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ ഒരു പിടി താരങ്ങള്‍ അവസരം കാത്തിരിപ്പുണ്ടെന്നും അവരെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളി താരം സഞ്ചു സാംസണിന്‍റെ അടക്കം പേരെടുത്തു പറഞ്ഞാണ് പ്രസാദിന്‍റെ പ്രസ്താവന.

‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെക്കുറിച്ച് സിലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോർമാറ്റിലും പന്തിന് പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മൽസരങ്ങളിൽ ഇന്ത്യ ‘എ’യ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ് ഭരതുണ്ട്. പരിമിത ഓവർ മൽസരങ്ങളിലാണെങ്കിൽ ഇഷാൻ കിഷനും സഞ്ജു സാംസണും തുടർച്ചയായി മികവു കാട്ടുന്നുണ്ട്’ പ്രസാദ് ചൂണ്ടിക്കാട്ടി.

ഇതിനു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കറും രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പ് മുന്‍ നിര്‍ത്തിയാണ് കീപ്പറെ തിരഞ്ഞെടുക്കണ്ടത്. പ്രഥമ പരിഗണന പന്തിനു തന്നെയെങ്കിലും മികവ് പുറത്തെടുത്തില്ലെങ്കില്‍ സഞ്ചുവിനെ പരിഗണിക്കണമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.