ലോകകപ്പിൽ ഇന്ത്യ പുറത്തായതുമുതൽ ധോണിയുടെ വിരമിക്കൽ ചർച്ചാവിഷയമാണ്. എന്നാല്‍ ഇന്നുവരെ ഈ ചോദ്യത്തിന് ഉത്തരങ്ങളൊന്നുമായിട്ടില്ല. ഏറ്റവുമൊടുവില്‍ രോഹിത് ശര്‍മ്മക്ക് നേരെയും ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ എറിഞ്ഞു. ധോണി എന്ന് വിരമിക്കും ? ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മക്കും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെ :
“സത്യമായും എനിക്കറിയില്ല. എം.എസ് ധോണി നിരവധി പരിപാടികൾക്ക് പോകുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാത്തത്? ഇവിടെ എന്താണ് സംഭവിക്കുന്നത്? ശരിക്കും എനിക്ക് അറിയില്ല. അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ, അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ടെന്ന് എന്ന് തന്നെയാണ് അര്‍ഥം.” ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ റോഹിത് ശര്‍മ്മ പറഞ്ഞു.
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.സി.സി.ഐ ഭരണം വന്നപ്പോൾ, ധോണിയുടെ ഭാവി സംബന്ധിച്ച് നീളുന്ന അനിശ്ചിതത്വത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. എപ്പോൾ വിരമിക്കണം എന്ന് തീരുമാനിക്കാൻ ധോണിയെപ്പോലുള്ള താരങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലി പറഞ്ഞത്. റിഷഭ് പന്തിനെയും സഞ്ജു സാംസണെയും മനസില്‍ കണ്ടാണ് ടീമിന്റെ ഭാവി പരിപാടികളെന്ന് നേരത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് സൂചിപ്പിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്.