ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരുടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.
മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി വളര്‍ന്നുവരുന്ന അഫ്ഗാന്‍ 8 മത്സരങ്ങളില്‍ ഒന്നുപോലും ജയിച്ചില്ല. പക്ഷേ, അയല്‍ക്കാരായ പാകിസ്താന്‍, ഇന്ത്യ, ശ്രീലങ്ക എന്നീ ടീമുകളോട് പോരാടി തോറ്റതാണ് ആശ്വാസം.
മൂന്ന് കളികളിലും അഫ്ഗാന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയെങ്കിലും ബാറ്റിങ്‌നിര പരാജയപ്പെട്ടത് അഫ്ഗാനിസ്ഥാന് വിജയം നിഷേധിക്കുകയായിരുന്നു. മറുവശത്ത് ടി20 സ്‌പെഷ്യലിസ്റ്റുകളുടെ ഏകദിന ടീമുമായി എത്തിയ വെസ്റ്റിന്‍ഡീസ് പരിശീലന മത്സരത്തില്‍ അത്ഭുതം കാട്ടിയെങ്കിലും മത്സര ചിത്രത്തില്‍ ബഹുദൂരം പിന്നിലായി. ആദ്യ മത്സരത്തില്‍ പാകിസ്താനെ തരിപ്പണമാക്കി തുടങ്ങി. ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി, ന്യൂസിലാന്‍ഡിനോടും ശ്രീലങ്കയോടും അവസാന നിമിഷത്തില്‍ തോല്‍വി.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിച്ച വകയില്‍ കിട്ടിയ ഒരു പോയിന്റ് അടക്കം പട്ടികയില്‍ ഒന്‍പതാം സ്ഥാനം. അഫ്ഗാനെതിരെ ജയിച്ചാല്‍ എട്ടാം സ്ഥാനവുമായി നാട്ടിലേക്ക് മടങ്ങാം. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ അവസാന ലോകകപ്പ് മത്സരം എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.