മുന്‍ ഇന്ത്യന്‍ ഓപണറും ആഭ്യന്തര ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത കളിക്കാരനുമായ വസിം ജാഫര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 1996-97 സീസണില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ വസിം ജാഫര്‍ നീണ്ട 24 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും നന്ദി പറഞ്ഞ വസിം ജാഫര്‍ പരിശീലകനായോ കമന്റേറ്ററായോ ക്രിക്കറ്റിലെ രണ്ടാം ഇന്നിംങ്‌സ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപണറായി ഇറങ്ങി രണ്ട് ഇരട്ട സെഞ്ചുറിയും അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറികളും അടക്കം 1944 റണ്‍സാണ് ഈ ഓപണര്‍ നേടിയത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കുറിച്ച 212 റണ്‍സിന്റെ ഇരട്ട സെഞ്ചുറിയുമുണ്ട്.
2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു വസിം ജാഫര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. പിന്നീട് ഇടംകൈ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ വന്നതോടെയാണ് ജാഫറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റിന്റെ കിരീടം വെക്കാത്ത രാജാവായി വസിം ജാഫര്‍ മാറുകയായിരുന്നു.
260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 50.67 റണ്‍ ശരാശരിയില്‍ 19410 റണ്‍സാണ് വസിം ജാഫര്‍ അടിച്ചുകൂട്ടിയത്. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും കുറിച്ചിട്ടുള്ള വസിമിന്റെ ഉയര്‍ന്ന സ്‌കോര്‍ 314 ആണ്. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിന്റെ റെക്കോഡും വസിം ജാഫറിന്റെപേരിലാണ്.