Cricket Sports

വിഷ്ണുവിന് വെടിക്കെട്ട് സെഞ്ച്വറി; ആന്ധ്രയെ തകര്‍ത്ത് കേരളം

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളത്തിന് മിന്നുന്നജയം. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ആന്ധ്ര-230/6, കേരളം-233/4

ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ക്യാപ്റ്റന്‍ റിക്കി ബുയിയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലായിരുന്നു 230 റണ്‍സ് നേടിയത്. ഭൂയി 58 റണ്‍സെടുത്തു. കേരളത്തിനായി ബേസില്‍ തമ്ബിയും, എസ്.മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്ധ്ര ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ സ്കോര്‍ വെറും ഒന്നില്‍ നില്‍ക്കെ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയേയും സൂപ്പര്‍താരം സഞ്ജു സാംസനേയും ​ഗിരിനാഥ് റെഡ്ഡി പുറത്താക്കി.

തുടര്‍ന്ന് വിഷ്ണുവിനൊപ്പം സച്ചിന്‍ ബേബി ചേര്‍ന്നതോടെ കേരളം തിരിച്ചടിച്ചു. ഈ കൂട്ടുകെട്ട് 79 റണ്‍സെ നേടിയശേഷമാണ് 19 റണ്‍സെടുത്ത സച്ചിന്‍ പുറത്തായത്. പിന്നാലെ ജലജ് സക്സേനയെ കൂട്ടുപിടിച്ച്‌ വിഷ്ണു തകര്‍ത്തടിച്ചു. 89 പന്തുകളില്‍ നിന്ന് 13 ഫോറും ഒമ്ബത് സിക്സുമടക്കം 139 റണ്‍സ് നേടി വിഷ്ണു പുറത്താകുമ്ബോള്‍ കേരളം വിജയമുറപ്പിച്ചിരുന്നു.

തുടര്‍ന്ന് സക്സേനയും പി.രാഹുലും ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. സ്കസേന 46 റണ്‍സും രാഹുല്‍ 27 റണ്‍സും നേടി.