Cricket Sports

സൂപ്പര്‍ ഓവറില്‍ ഓപ്പണറാക്കാന്‍ തീരുമാനിച്ചത് സഞ്ജുവിനെ; കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍

ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യില്‍ ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും മലയാളി താരം സഞ്ജു വി സാംസണിന്റെ പ്രകടനത്തില്‍ നായകന്‍ വിരാട്‌കോഹ്‌ലി നിരാശനല്ല. താരത്തിന്റെ ബാറ്റിങ് ശൈലിയെ പുകഴ്ത്തിയ കോഹ് ലി, സഞ്ജു ഒരു നിര്‍ഭയനായ ബാറ്റ്‌സ്മാനാണെന്നും ഈ രീതിയില്‍ ആക്രമിച്ച് കളിക്കുന്നത് തുടരണമെന്നും വ്യക്തമാക്കി.

സൂപ്പര്‍ഓവറിലും സഞ്ജുവിനെയായിരുന്നു ഓപ്പണറാക്കാന്‍ തീരുമാനിച്ചതെന്ന് കോഹ്‌ലി പറഞ്ഞു. സമ്മര്‍ദ്ദ ഘട്ടത്തില്‍ പരിചയ സമ്പത്തുള്ള ഒരു കളിക്കാരനെ ക്രീസില്‍ വേണമെന്ന് കെ.എല്‍ രാഹുല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രാഹുലിനൊപ്പം സൂപ്പര്‍ ഓവറില്‍ ഇറങ്ങിയതെന്നും കോഹ്‌ലി വെളിപ്പെടുത്തി. സൂപ്പര്‍ ഓവറില്‍ വണ്‍ ഡൗണായി സഞ്ജു ക്രീസിലെത്തിയെങ്കിലും കെ.എല്‍ രാഹുലിന്റെ ഗംഭീര തുടക്കം മുതലാക്കി നായകന്‍ കോഹ് ലി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

അതിലേറ്റവും ശ്രദ്ധേയം, ന്യൂസിലാന്‍ഡ് നായകന്‍ ഫീല്‍ഡര്‍മാരെ ബൗണ്ടറി ലൈനില്‍ വിന്യസിച്ചപ്പോള്‍ കോഹ് ലി മിഡ് ഓണിലേക്ക് തട്ടി രണ്ട് റണ്‍സ് ഓടിയെടുത്തതാണ്. സഞ്ജുവിന്റെ വിക്കറ്റിനിടയിലെ ഈ ഓട്ടത്തേയും കോഹ്‌ലി പ്രശംസിക്കുന്നുണ്ടായിരുന്നു.

മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു അഞ്ച് പന്തില്‍ ഒരു സിക്‌സറിന്റെ അകമ്പടിയോടെ എട്ട് റണ്‍സാണ് നേടിയത്. രണ്ടാം ഓവറിലെ ആദ്യ പന്തായിരുന്നു സഞ്ജു സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. പരമ്പരയില്‍ ഒരു ടി20 മത്സരം കൂടി അവശേഷിക്കുന്നതിനാല്‍ സഞ്ജുവിന് അതിലും അവസരം ലഭിച്ചേക്കും. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് മത്സരം. അതേസമയം പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുക. അങ്ങനെയെങ്കില്‍ ആദ്യമായിട്ടായിരിക്കും ന്യൂസിലാന്‍ഡില്‍ നിന്നും ഒരു ടി20 പരമ്പര ഇന്ത്യ തൂത്തുവാരുന്നത്.