ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ 26-ാം സെഞ്ച്വറി സ്വന്തമാക്കി. ഇതോടെ നായകനായി 40 സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന പുതുചരിത്രം കൊഹ്‍ലി രചിച്ചു. ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായി 19ാമത്തെ സെഞ്ച്വറിയാണ് പൂനെയില്‍ കൊഹ്‌ലി കുറിച്ചത്. ഏകദിനത്തില്‍ നായകനായി ഇതിനകം 21 സെഞ്ച്വറികൾ കൊഹ്‍ലി നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നായകനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ്. 41 സെഞ്ച്വറികളാണ് പോണ്ടിങ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ നായകനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന പോണ്ടിങിന്റെ റെക്കോര്‍ഡിനൊപ്പം കൊഹ്‍ലി എത്തും. ട്വന്റി 20യില്‍ പോണ്ടിങിനും കൊഹ്‍ലിക്കും ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലാണ് കൊഹ്‍ലി ശതകം തികച്ചത്. വൈകീട്ട് ചായയ്ക്ക് പിരിഞ്ഞ ശേഷം കളി പുനരാരംഭിച്ചതിന് പിന്നാലെ കൊഹ്‍ലി ഇരട്ട ശതകവും തികച്ചു. ഇന്നത്തെ ശതകത്തോടെ ടെസ്റ്റില്‍ അതിവേഗം 26 സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ താരവും കൂടിയായി ഇന്ത്യന്‍ നായകന്‍. ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിനെ മറികടന്നാണ് കൊഹ്‍ലി നാലാം സ്ഥാനത്തെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മുൻനിര റൺ സ്കോറർമാരുടെ പട്ടികയിൽ 53-ാം സ്ഥാനത്താണ് കൊഹ്‌ലി. രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം തന്നെ 50 ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ നയിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി കൊഹ്‌ലി മാറിയിരുന്നു. ഇക്കാര്യത്തില്‍ ഗാംഗുലിയെയാണ് കൊഹ്‍ലി മറികടന്നത്. 60 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ് ധോണിയാണ് കൊഹ്‍ലിക്ക് മുന്നിലുള്ളത്.
പൂനെ ടെസ്റ്റില്‍ ഇന്ത്യ അതിശക്തമായ നിലയിലാണ്. നാലു വിക്കറ്റ് നഷ്ടത്തില്‍ 600 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ (108) സെഞ്ച്വറി നേടിയിരുന്നു. ചേതേശ്വര്‍ പുജാര 58 റണ്‍സ് നേടി പുറത്തായി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 253 റണ്‍സുമായി കൊഹ്‍ലിയും 91 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.