ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 36 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എല്‍ഗാര്‍ (6), മാര്‍ക്രം (0), ബാവുമ (8) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്‍ലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. ക്യാപ്റ്റനായുള്ള കോഹ്‍ലിയുടെ 50-ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്‍ലിയുടെ പേരിലായി. ആറു വീതം ഇരട്ട സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറേയും വീരേന്ദര്‍ സെവാഗിനെയുമാണ് കോഹ്‍ലി പിന്നിലാക്കിയത്. നേരത്തെ, 174 പന്തിലാണ് കോലി തന്റെ 26-ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സും കോഹ്‍ലി പൂര്‍ത്തിയാക്കി.
104 പന്തില്‍ രണ്ടു സിക്‌സും എട്ടു ബൗണ്ടറികളുമായി 91 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ ഒന്‍പതു റണ്‍സ് അകലെ സെനുരന്‍ മുത്തുസ്വാമിയാണ് ജഡേജയെ പുറത്താക്കിയത്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച ജഡേജ, 104 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും സഹിതമാണ് 91 റണ്‍സെടുത്തത്. 156.3 ഓവറിലാണ് ഇന്ത്യ 601 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 225 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 59 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.