ടീം ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് രവി ശാസ്ത്രിയെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവ് തന്നെ നല്‍കിയിരിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെ തെരഞ്ഞെടുത്തത് നായകന്‍ വിരാട് കോഹ്‍ലിയോട് അഭിപ്രായം ചോദിച്ചിട്ടല്ലെന്ന് കപില്‍ ദേവ് വ്യക്തമാക്കി. ശാസ്ത്രിയെ തെരഞ്ഞെടുത്തതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. ശാസ്ത്രിയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ന്യൂസിലാന്‍റ് പരിശീലകന്‍ മൈക്ക് ഹസനും ശ്രീലങ്കന്‍ മുന്‍ പരിശീലകന്‍ ടോം മൂഡിയും ശാസ്ത്രിയുടെ തൊട്ടു പിറകിലുണ്ടായിരുന്നു. നിലവിലെ പരിശീലകനെന്ന നിലയില്‍ ടീമിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടെന്നത് മുന്‍ഗണനയായി. കപില്‍ ദേവിനെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയിക്വാദ് എന്നിവരും ഉപദേശക സമിതിയിലുണ്ടായിരുന്നു.