Cricket Sports

ശാസ്ത്രി പരിശീലകനായി തുടരുന്നുവെങ്കില്‍ സന്തോഷം; കോഹ്‌ലി

പുതിയ പരിശീലകനെ തേടി ബി.സി.സിഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ നിലവിലെ പരിശീലകനില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ശാസ്ത്രി തന്നെ പരിശീലകനായി തുടരുന്നുവെങ്കില്‍ സന്തോഷമായേനെ എന്നാണ് കോഹ് ലി ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയരക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതല്‍ കോഹ് ലിയും ശാസ്ത്രിയും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത് ശാസ്ത്രിയുടെ പരിശീലനത്തിന്റെ കൂടി കീഴിലായിരുന്നു. അതേസമയം പുതിയ പരിശീലകന്‍ ആരാവണമെന്ന വിഷയത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ഇതുവരെ ബന്ധപ്പെട്ടില്ലെന്നും തീരുമാനം അവരുടെതായിക്കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര. യുഎസില്‍ ആരംഭിക്കുന്ന ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അതേ സമയം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ ബി.സി.സി.ഐ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 13,14 തീയതികളിലാണ് അഭിമുഖം. ശാസ്ത്രി തന്നെ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.