ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 100ആം ടെസ്റ്റ് മത്സരത്തിനിറങ്ങിയ വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. 45 റൺസെടുത്ത മുൻ ക്യാപ്റ്റനെ ലസിത് എംബുൽഡേനിയ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഹനുമ വിഹാരിയുമൊത്ത് 90 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് കോലി മടങ്ങിയത്. അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയിട്ടുണ്ട്. ഹനുമ വിഹാരി (57), ഋഷഭ് പന്ത് (2) എന്നിവരാണ് ക്രീസിൽ.
തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. മോശം പന്തുകളെറിഞ്ഞ ശ്രീലങ്ക ഇന്ത്യയെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. 52 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർമാർ പങ്കാളിയായി. രോഹിത് ശർമ്മയെ പുറത്താക്കിയ ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കുമാരയെ പുൾ ചെയ്ത് സിക്സർ നേടാനുള്ള രോഹിതിൻ്റെ ശ്രമം സുരങ്ക ലക്മലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. മൂന്നാം നമ്പറിൽ വിഹാരിയെത്തി. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. 33 റൺസെടുത്ത മായങ്കിനെവിക്കറ്റിനു മുന്നിൽ കുരുക്കിയ ലസിത് എംബുൽഡേനിയ കൂട്ടുകെട്ട് പൊളിച്ചു.
മൂന്നാം വിക്കറ്റിൽ കോലി-വിഹാരി സഖ്യം വളരെ മികച്ച രീതിയിൽ ബാറ്റ് വീശി. പൂജാരയുടെ അഭാവത്തിൽ മൂന്നാം നമ്പറിലിറങ്ങിയ വിഹാരി ഒരു വശത്ത് പിടിച്ചുനിന്നു. ഇതിനിടെ താരം ഫിഫ്റ്റിയടിക്കുകയും ചെയ്തു. കോലിയും മികച്ച ഫോമിലായിരുന്നു.