Cricket

വിൻഡീസിനെതിരായ ടി-20യിൽ കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. അഞ്ച് ടി-20കളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് ഏകദിനങ്ങളും പര്യടനത്തിലുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടംനേടി.

ജൂലൈ 22 ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിനത്തിന് ശേഷം കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് ടി-20 മത്സരങ്ങൾ ഇന്ത്യ കളിക്കും. അതിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം, ഇന്ത്യയെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാകും ശിഖർ ധവാൻ. കെഎൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ എന്നിവർക്ക് ക്യാപ്റ്റൻസിയുടെ ചുമതല സെലക്ടർമാർ നൽകിയിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോർഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ തന്നെ മൂന്നാം നമ്പറിൽ കളിച്ചേക്കും. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.