Cricket Sports

#10YEARCHALLENGE മാറ്റമില്ലാതെ സ്റ്റെയിന്‍, അടിമുടി മാറി കോഹ്‌ലി

ഡേല്‍ സ്റ്റെയ്‌നിന്റെ ഐ.പി.എല്ലിലേക്കുള്ള അതിഗംഭീര തിരിച്ചുവരവായിരുന്നു ആര്‍.സി.ബിയുടെ ചെന്നൈക്കെതിരായ ജയത്തിലെ പ്രധാന ചേരുവകളിലൊന്ന്. ഓസീസ് പേസ്ബൗളര്‍ കള്‍ട്ടര്‍ നൈലിന്റെ പകരക്കാരനായി എത്തിയ സ്റ്റെയ്ന്‍ ആദ്യ ഓവറില്‍ തന്നെ ചെന്നൈയുടെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയ സുന്ദര യോര്‍ക്കറിന് ശേഷമുള്ള സ്‌റ്റെയ്‌ന്റെ കോഹ്‌ലിയുമൊത്തുള്ള ആഘോഷം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഏതൊരു പേസ്ബൗളറുടേയും സ്വപ്‌നങ്ങളിലെ ആദ്യ ഓവറായിരുന്നു സ്‌റ്റെയ്ന്‍ ചെന്നൈ സൂപ്പര്‍കിംങ്‌സിനെതിരെ എറിഞ്ഞത്. മൂളിപ്പറന്ന സ്റ്റെയ്‌ന്റെ പന്തുകള്‍ക്ക് മുന്നില്‍ ആടിയുലഞ്ഞു നിന്ന വാട്‌സണ്‍ അഞ്ചാം പന്തില്‍ വീണു. ഒന്നാം സ്ലിപ്പില്‍ വാട്‌സണിന്റെ ബാറ്റില്‍ തട്ടി ചീറിപാഞ്ഞുവന്ന പന്തിനെ സ്റ്റോയിണിസ് കൈക്കുമ്പിളിലാക്കി. തൊട്ടടുത്ത പന്തില്‍ നിലയുറപ്പിക്കും മുമ്പേ റെയ്‌നയുടെ വിക്കറ്റ് സുന്ദര യോര്‍ക്കറിലൂടെ സ്‌റ്റെയിന്‍ തെറിപ്പിച്ചു. റെയ്‌നയുടെ ബ്റ്റിനും പാഡിനുമിടയില്‍ ഇത്രയേറെ വിടവുണ്ടെന്ന് കാഴ്ച്ചക്കാരെ അതിശയിപ്പിക്കും വിധമുള്ളതായിരുന്നു സ്റ്റെയിനിന്റെ പന്ത്. ആര്‍.സി.ബിയുടെ സീസണിലെ ഏറ്റവും മികച്ച തുടക്കം നല്‍കിക്കൊണ്ടാണ് സ്റ്റെയ്ന്‍ ആദ്യ ഓവര്‍ അവസാനിപ്പിച്ചത്.

ആശിഷ് നെഹ്‌റയുടെ ‘അരേ വാഹ്’ പ്രതികരണം മാത്രംമതി എത്രത്തോളം സുന്ദരമായിരുന്നു സ്‌റ്റെയിന്റെ പന്തുകളെന്ന് മനസിലാക്കാന്‍.

റെയ്‌നയുടെ വിക്കറ്റ് നേടിയ ശേഷമാണ് സ്റ്റെയ്‌നും കൊഹ്‌ലിയും കെട്ടിപ്പിടിച്ച് ആഘോഷിച്ചത്. ഈ വിജയാഘോഷം ആരാധകരെ പത്ത് വര്‍ഷത്തോളം പുറകിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. 2010ലെ കോഹ്‌ലിയുടേയും സ്‌റ്റെയ്‌നിന്റേയും ചിത്രവുമായി ചേര്‍ത്തുവെച്ചാണ് ഈ ആഘോഷം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇക്കാര്യം മത്സരശേഷം സംസാരിക്കവേ കോഹ്‌ലിയും സ്‌റ്റെയിനും സൂചിപ്പിക്കുകയും ചെയ്തു.