Cricket

മുംബൈ പ്ലേ ഓഫില്‍; നിര്‍ണായകമായത് ബാംഗ്ലൂരിന്റെ തോല്‍വി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. ഉദ്വേഗം നിറഞ്ഞ കളിയ്‌ക്കൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്തിനോട് തോറ്റതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടി. 

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.1 ഓവറില്‍ 198/4 എന്ന നിലയിലെത്തി. 52 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം 104 റണ്‍സുകള്‍ നേടിയ ഗില്ലിന്റെ കരുത്തിലായിരുന്നു ഗുജറാത്തിന്റെ ജയം. വിരാട് കൊഹ്ലിയുടെ സെഞ്ച്വറിക്കാണ് 104 റണ്‍സുകളിലൂടെ ഗില്‍ മറുപടി പറഞ്ഞത്.

മറുപടി ബാറ്റിംഗില്‍ 14 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. മൂന്നാമനായി എത്തിയ വിജയ് ശങ്കറും വെടിക്കെട്ട് പ്രകടനമാണ് ഇന്ന് കാഴ്ചവച്ചത്. ഗില്ലിന്റെ വിളയാട്ടം കൂടിയായപ്പോഴാണ് ഗുജറാത്ത് 10.5 ഓവറില്‍ സ്‌കോര്‍ 100 കടന്നത്.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിരുന്നു. കോലിയുടെ അത്യുഗ്രന്‍ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ വിരാട് കോലിയും ഡുപ്ലെസിയും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സെഞ്ച്വറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോലി മാറി.