Cricket Sports

കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി

ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്ന് മുൻ പരിശീലകൻ. രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കോലിക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു. (kohli cricket ravi shastri)

“തനിക്ക് 33 വയസ്സുണ്ടെന്ന് കോലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം ഒരു മത്സരം എന്ന മട്ടിൽ എടുക്കണം. കളിയിൽ നിന്ന് ഒരു ഇടവേള എടുക്കണം. അവൻ രണ്ടോ മൂന്നോ മാസം പുറത്തിരിക്കുകയോ ഒരു പരമ്പരയിൽ നിന്ന് ഇടവേള എടുക്കുകയോ ചെയ്‌താൽ, അത് അവന് വലിയ സഹായകമാകുമെന്ന് ഞാൻ കരുതുന്നു. തിരികെ വന്ന് മൂന്നാലു വർഷം രാജാവായി കളിക്കാൻ കോലിക്ക് കഴിയും. തൻ്റെ മാനസിക നിലയും റോളും മനസ്സിലാക്കാനാവും. തുടർന്ന് ഒരു ടീം കളിക്കാരനായി കളിക്കാനും അവനു കഴിയും.”- ശാസ്ത്രി പറഞ്ഞു.

അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡയ്ക്ക് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചു. അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ.

ഭുവനേശ്വർ കുമാറും വെങ്കടേഷ് അയ്യരും ടി-20 ടീമിലുണ്ട്. ഏറെക്കാലത്തിനു ശേഷം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് ഏകദിന ടീമിൽ തിരികെയെത്തി. അശ്വിൻ രണ്ട് ടീമിലും ഇല്ല. ബുംറയ്ക്കും ഷമിയ്ക്കും വിശ്രമം അനുവദിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ശർദ്ദുൽ താക്കൂറും ദീപക് ചഹാറും ഇരു സ്ക്വാഡിലും ഇടംപിടിച്ചു. പ്രസിദ്ധ് കൃഷ്ണ ഏകദിന ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഇരു സ്ക്വാഡിലേക്കും മടങ്ങിയെത്തി. അക്സർ പട്ടേൽ ടി-20 ടീമിൽ മടങ്ങിയെത്തി. ശിഖർ ധവാൻ ഏകദിന ടീമിൽ സ്ഥാനം നിലനിർത്തി.