ഇത്തവണ ഐപിഎൽ മെഗാ ലേലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വാങ്ങൽ നടത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 23 വയസ്സുകാരനായ സ്പിൻ ഓൾറൗണ്ടർ രമേശ് കുമാറിനായി കൊൽക്കത്ത കൈ ഉയർത്തിയപ്പോൾ മറ്റ് ടീമുകൾ അതാരാണെന്ന് പോലും നോക്കിയില്ല. എന്നാൽ, 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ച താരം ചില്ലറക്കാരനല്ല.
ടെന്നിസ് ക്രിക്കറ്റ് ഇതിഹാസമാണ് രമേശ് കുമാർ. പഞ്ചാബിലെ ജലാലാബാദാണ് താരത്തിൻ്റെ സ്വദേശം. ഇടംകയ്യൻ ബാറ്ററായാണ് ലേലത്തിൽ രമേശ് കുമാറിനെ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, രമേശ് ഒരു മികച്ച ലെഫ്റ്റ് ആം സ്പിന്നറാണ്. ഇൻ്റനെറ്റിൽ നരേൻ ജലാലാബാദിയ എന്നാണ് രമേശ് അറിയപ്പെടുന്നത്. നരേൻ്റെ ബൗളിംഗ് ആക്ഷനും വെടിക്കെട്ട് ബാറ്റിംഗുമാണ് രമേശിന് ഈ പേര് സമ്മാനിച്ചത്.
ബൗണ്ടറികളുടെ കളിത്തോഴനാണ് രമേശ് കുമാർ. യൂട്യൂബിൽ രമേശിൻ്റെ ചില വിഡിയോകൾ കാണാം. 10 പന്തിൽ 50 റൺസെടുത്ത രമേശിൻ്റെ ഒരു വിഡിയോ ആണ് ഇതിൽ ഏറ്റവും വൈറലായത്. ഗ്രൗണ്ടിൻ്റെ നാലുപാടും അനായാസം ബൗണ്ടറി ക്ലിയർ ചെയ്യുന്ന രമേശിന് ഒട്ടേറെ ആരാധകരുണ്ട്.