Cricket Sports

റെയിൽവേസിനെതിരെ തകർത്തടിച്ച് സഞ്ജു(128); കേരളം തോറ്റെങ്കിലും താരത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം

ജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് കേരളം പൊരുതിത്തോറ്റെങ്കിലും നായകൻ സഞ്ജുവിന് പ്രശംസ പ്രവാഹം. സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽ‌വേസ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത് തോൽവി വഴങ്ങുകയായിരുന്നു.

139 പന്തുകൾ നേരിട്ട സഞ്ജു 128 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. ആറ് സിക്സുകളും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയാണ് സഞ്ജുവിന്റെ മികച്ച പ്രകടനം. തോറ്റിരുന്നാൽ പോലും ഏഴ് മത്സരങ്ങളിൽ 20 പോയിന്റുളള കേരളത്തിന് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടാനായി. സഞ്ജു ക്രീസിലെത്തുമ്പോൾ 8.5 ഓവറിൽ മൂന്നിന് 26 എന്ന പരിതാപകരമായ നിലയിലായിരുന്ന കേരളം. അഞ്ചാമനായി എത്തിയ ക്യാപ്റ്റൻ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങുന്നത്.

സഞ്ജുവിനെ ആർ. ശർമയുടെ പന്തിൽ പ്രതാം സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. വിജസ് ഹസാരെ ട്രോഫിയിൽ ഈ സീസണിൽ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ടീമിലുൾപ്പെട്ട സഞ്ജുവിന് ഈ പ്രകടനം വലിയ ആത്മവിശ്വാസം നൽകുന്നത്. സഞ്‍ജുവിന്റെ സെഞ്ചുറിയും പോരാട്ടവും സോഷ്യൽ വലിയ പ്രശംസയ്ക്കാണ് ഇടയാക്കിയത്. വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചില്ലെങ്കിലും താരത്തെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി ശ്രേയസ് ഗോപാലും തിളങ്ങി. 63 പന്തുകളിൽനിന്ന് 53 റൺസെടുത്താണു താരം പുറത്തായത്. മറ്റുള്ള താരങ്ങളിൽ നിന്നൊന്നും സഞ്ജുവിന് പിന്തുണ ലഭിച്ചില്ല. മുൻനിരയ്ക്കു ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതാണ് കേരളത്തിനു തിരിച്ചടിയായത്. ആദ്യം ബാറ്റു ചെയ്ത റെയിൽവേസിനു വേണ്ടി സാഹബ് യുവരാജ് സിങ് സെഞ്ചറി നേടി പുറത്താകാതെ നിന്നു. 136 പന്തിൽ നിന്ന് 121 റൺസാണു യുവരാജ് അടിച്ചെടുത്തത്.കേരളത്തിനായി രോഹൻ എസ്. കുന്നുമ്മൽ (പൂജ്യം), സച്ചിൻ ബേബി (19 പന്തിൽ ഒൻപത്), സൽമാൻ നിസാർ (ഒൻപതു പന്തിൽ രണ്ട്) എന്നീ പ്രധാന താരങ്ങൾ നിരാശപ്പെടുത്തി. ഓപ്പണർ കൃഷ്ണ പ്രസാദ് 51 പന്തിൽ 29 റൺസെടുത്തു പുറത്തായി. 20 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് കേരളം. അഞ്ച് ഗ്രൂപ്പുകളിൽനിന്നും മികച്ച രണ്ടു ടീമുകളാണണ് നോക്കൗട്ട് യോഗ്യത നേടുക.