രാജ്യത്ത് ഡിപ്പാർട്ട്‌മെന്റൽ ക്രിക്കറ്റ് നിര്‍ത്തലാക്കിയതോടെ ഉപജീവനത്തിനായി പിക്കപ്പ് വാൻ ഡ്രൈവറായി മാറിയ പാകിസ്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഫസൽ സുഭാന്റെ വീഡിയോ വൈറല്‍. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുതിയ സംവിധാനം അവതരിപ്പിച്ചതിനുശേഷം പുറത്തുവന്ന വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഹൃദയം തകർക്കുന്ന’ കാഴ്ച എന്നാണ് പലരുടെയും പ്രതികരണം.
രാജ്യത്ത് വികസന ക്രിക്കറ്റിന്റെ പുതിയ മോഡലിന്റെ പേരില്‍ പി.സി.ബിയെ ചോദ്യം ചെയ്തു പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തുവന്നിട്ടുണ്ട്. “വളരെ സങ്കടമുണ്ട്, അദ്ദേഹത്തെപ്പോലെ മറ്റ് പലരും കഷ്ടപ്പെടുകയാണ്, പുതിയ സംവിധാനം 200 കളിക്കാരെ സംരക്ഷിക്കുമ്പോള്‍, ആയിരക്കണക്കിന് ക്രിക്കറ്റ് താരങ്ങളും മാനേജുമെന്റ് സ്റ്റാഫും തൊഴില്‍രഹിതരായി. ഈ തൊഴിലില്ലായ്മയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നതെന്ന് എനിക്കറിയില്ല,” – ഹഫീസ് ട്വിറ്റില്‍ കുറിച്ചു.
സമാ ടിവിയാണ് സുഭാന്റെ വീഡിയോ പുറത്തുവിട്ടത്. രാജ്യത്തിന്റെ പ്രധാന ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഫസല്‍ സുഭാന്‍, അണ്ടർ 19, എ ടീമുകളിൽ പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടര്‍ 19 ടീമിലായിരുന്ന സമയത്ത് വിരാട് കൊഹ്‍ലിക്കെതിരെയും സുഭാന്‍ കളിച്ചിട്ടുണ്ട്. ഒരുകാലത്ത് ടെസ്റ്റ് ടീമിനായും പരിഗണിക്കപ്പെട്ടിട്ടുണ്ട്.
“ഞാൻ പാകിസ്താന് വേണ്ടി കളിക്കാൻ വളരെയധികം പരിശ്രമിച്ചു,” വീഡിയോയിൽ ഫസൽ ദുഖം പ്രകടിപ്പിച്ചു. “ഡിപ്പാർട്ട്മെന്റൽ ക്രിക്കറ്റില്‍ ഞങ്ങൾക്ക് ഒരു ലക്ഷം രൂപയോളം പ്രതിഫലമുണ്ടായിരുന്നു. എന്നാൽ ഡിപ്പാർട്ട്മെന്റൽ ക്രിക്കറ്റ് അവസാനിപ്പിച്ചതോടെ വരുമാനം 35,000 രൂപയായി കുറഞ്ഞു. അതുകൊണ്ട് ജീവിക്കാന്‍ കഴിയില്ല. കുറഞ്ഞത് എനിക്ക് ഇപ്പോൾ ഈ ജോലിയെങ്കിലുമുള്ളതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു. അങ്ങനെയാണ് കാര്യങ്ങള്‍. നാളെ എനിക്ക് ഈ ജോലി ഉണ്ടാകുമോയെന്ന് ആർക്കറിയാം. ഞങ്ങൾക്ക് മറ്റ് മാർഗമില്ല; ഞങ്ങളുടെ കുട്ടികൾക്കായി ഞങ്ങൾ എന്തെങ്കിലും ചെയ്യണം.” – സുഭാന്‍ പറയുന്നു.
ആഭ്യന്തര കരിയറിൽ 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സുഭാൻ 32.87 ശരാശരിയിൽ 2,301 റൺസ് നേടിയിട്ടുണ്ട്. തന്റെ നിലവിലെ ജോലിയും പ്രതിസന്ധിയിലാണ്. ചിലപ്പോൾ പത്ത് ദിവസത്തേക്ക് വരുമാനമില്ലാതെ കഴിയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ പിക്കപ്പ് വാന്‍ വാടകയ്ക്ക് ഓടിക്കുന്നതാണ്. ഇത് സീസണല്‍ ജോലിയാണ്. ചില ദിവസങ്ങളിൽ വളരെയധികം ജോലിയുണ്ടാകും. ചിലപ്പോൾ 10 ദിവസത്തേക്ക് ഒരു ജോലിയുമുണ്ടാകില്ല.” സുഭാന്‍ കൂട്ടിച്ചേർത്തു.