വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. പ്രീക്വാർട്ടർ മത്സരത്തിൽ കേരളം ശക്തരായ എതിരാളികൾക്കെതിരെയാണ് ഇറങ്ങുക. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ. രാജ്കോട്ടിൽ രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. ഇന്ന് മഹാരാഷ്ട്രയെ തോല്പിക്കാനായാൽ കേരളം ക്വാർട്ടറിലെത്തും.ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയിട്ടും ഹെഡ് ടു ഹെഡ് നിയമക്കുരുക്കിൽ പ്രീ ക്വാർട്ടർ കളിക്കേണ്ടിവന്ന കേരളം ആകെ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചാണ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. അവസാന മത്സരത്തിൽ റെയിൽവേയ്സിനെതിരെ പരാജയപ്പെട്ടത് കേരളത്തിനു തിരിച്ചടിയായെങ്കിലും ക്യാപ്റ്റൻ സഞ്ജു സാംസൺ സെഞ്ചുറി നേടിയത് പോസിറ്റീവാണ്. ഏറെക്കാലത്തിനു ശേഷമാണ് സഞ്ജു ലിസ്റ്റ് എയിൽ ഒരു സെഞ്ചുറി നേടുന്നത്. ശ്രേയാസ് ഗോപാൽ ഒഴികെ ബാക്കിയുള്ളവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ സഞ്ജുവിൻ്റെ പോരാട്ടമാണ് കേരളത്തെ വിജയത്തിനരികെ എത്തിച്ചത്. ഇന്നിംഗ്സിലെ അവസാന ഓവറിൽ സഞ്ജു പുറത്താവുകയായിരുന്നു.
കഴിഞ്ഞ സീസണിൽ തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മലിൻ്റെ മോശം ഫോം കേരളത്തെ സാരമായി ബാധിക്കുന്നുണ്ട്. സച്ചിൻ ബേബി, വിഷ്ണു വിനോദ് എന്നിവരും സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണ്. സഞ്ജു ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. അഖിൽ സ്കറിയ, അഖിൻ എം സത്താർ, വൈശാഖ് ചന്ദ്രൻ തുടങ്ങിയ ബൗളർമാരാണ് കേരളത്തിൻ്റെ ശക്തി.
മറുവശത്ത്, ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാമതുള്ള അങ്കിത് ബാവ്നെ മഹാരാഷ്ട്രയ്ക്കായി തകർപ്പൻ ഫോമിലാണ്. മറ്റൊരു മഹാരാഷ്ട്ര താരം ഓം ഭോസാലെ ഏഴാമതുണ്ട്. മഹാരാഷ്ട്ര ടോപ്പ് ഓർഡറിനെ നിയന്ത്രിച്ചുനിർത്തുക എന്നതാവും കേരള ബൗളർമാരുടെ ഏറ്റവും വലിയ വെല്ലുവിളി.