വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു.
ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് (47 പന്തിൽ 55 നോട്ടൗട്ട്) ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 32 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്.