Cricket Sports

‘വേണ്ടപ്പെട്ടവനായതുകൊണ്ട് മാത്രം ടീമിൽ തുടരുന്നു’; കെഎൽ രാഹുലിനെതിരെ ആഞ്ഞടിച്ച് വെങ്കിടേഷ് പ്രസാദ്

വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ പേസർ വെങ്കിടേഷ് പ്രസാദ്. പലർക്കും വേണ്ടപ്പെട്ടവനായതുകൊണ്ട് മാത്രമാണ് രാഹുൽ ടീമിൽ തുടരുന്നതെന്ന് പ്രസാദ് ആരോപിച്ചു. രാഹുലിനെക്കാൾ മികച്ച ടെസ്റ്റ് താരങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തുറന്നടിച്ചു.

‘കെഎല്‍ രാഹുലിന്റെ കഴിവിനെയും പ്രതിഭയെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശരാശരിക്കും താഴെയാണ്. എട്ട് വര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ 46 ടെസ്റ്റുകളിൽ നിന്ന് അദ്ദേഹത്തിൻ്റെ ശരാശരി 34 ആണ്. ഇത്രയധികം അവസരങ്ങൾ കിട്ടിയ മറ്റാരുമില്ല. മികച്ച ഫോമിലുള്ള നിരവധി പേർ പുറത്തുനിൽക്കുന്നു. ശുഭ്മന്‍ ഗില്‍ മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സര്‍ഫ്രാസ് ഖാന്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നു. രാഹുലിനേക്കാള്‍ ടെസ്റ്റില്‍ അവസരം അർഹിക്കുന്ന മറ്റ് അനവധി പേരുണ്ട്. ഫോം ലഭിക്കുന്നത് വരെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുന്നത് ഭാഗ്യമാണ്. മറ്റു പലര്‍ക്കും അതു ലഭിക്കാറില്ല.’- പ്രസാദ് കുറിച്ചു.

‘രാഹുല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണെന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മികച്ച രീതിയില്‍ ചിന്തിക്കുന്ന ആര്‍ അശ്വിന്‍ ടെസ്റ്റിൽ വൈസ് ക്യാപ്റ്റനാവണം. അല്ലെങ്കിൽ പൂജാരയോ ജഡേജയോ ആവണം. വിഹാരിയ്ക്കും മായങ്ക് അഗർവാളിനും ടെസ്റ്റിൽ രാഹുലിനെക്കാൾ മികച്ച പ്രകടനം നടത്താനാവും. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലല്ല, പലർക്കും വേണ്ടപ്പെട്ടവനായതുകൊണ്ടാണ് രാഹുലിന് ടീമിൽ ഇടം ലഭിക്കുന്നത്. 8 വർഷമായി ടീമിലുള്ള താരമെന്ന നിലയിൽ അദ്ദേഹം സ്ഥിരതയുള്ള പ്രകടനങ്ങളല്ല നടത്തുന്നത്. കഴിവ് പ്രകടനങ്ങളാക്കിമാറ്റാൻ രാഹുലിനു കഴിയുന്നില്ല. ഐപിഎൽ അവസരങ്ങൾ നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയന്നാണ് പല മുൻ താരങ്ങളും രാഹുലിന് ലഭിക്കുന്ന ആനുകൂല്യത്തിൽ പ്രതികരിക്കാത്തത്. ഒരു ഫ്രാഞ്ചൈസിയുടെ നായകനെ ആരോപണത്തിൻ്റെ മുനയിൽ നിർത്താൻ അവർ ആഗ്രഹിക്കുന്നില്ല.’- അദ്ദേഹം തുടർന്നു.

ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി. 223 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന്‌ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ആർ അശ്വിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഓസീസ് നിരയെ തകർത്തത്. ആകെ ടെസ്റ്റിൽ അശ്വിൻ 8 വിക്കറ്റ് സ്വന്തമാക്കി.