മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കുമെന്ന് നേരത്തെ വ്യക്തമായതാണ്. എന്നാല്‍ കേവലമൊരു കളിക്കാരന്‍ എന്നതിലുപരി ക്യാപ്റ്റനാകുമോ എന്ന് ഉത്തപ്പ ടീമിലെത്തിയത് മുതല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണ്. പ്രത്യേകിച്ച് സച്ചിന്‍ ബേബി നായക സ്ഥാനത്ത് മികവ് പുറത്തെടുത്ത് നില്‍ക്കെ.
എന്നാല്‍ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേരളക്രിക്കറ്റ് അസോസിയേഷന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. കേരളത്തിന്റെ ഏകദിന-ടി20 മത്സരങ്ങളില്‍ ഉത്തപ്പ ടീമിനെ നയിക്കുമെന്ന് കെ.സി.എ വ്യക്തമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര കളിക്കാരനാണ് ഉത്തപ്പ, അദ്ദേഹത്തിന്റെ കഴിവിനെ എല്ലാനിലക്കും ഉപയോഗപ്പെടുത്താനാണ് താല്‍പര്യം, ഇക്കാര്യം പരിശീലകന്‍ ഡേവ് വാട്‌മോറിനോടും പങ്കുവെച്ചിട്ടുണ്ട്, അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമില്ലെന്നും കെസിഎ സെക്രട്ടറി വ്യക്തമാക്കി.
സയിദ് മുഷ്താഖ് അലി ടി20, വിജയ് ഹസാരെ ട്രോഫി എന്നീ ടൂര്‍ണമെന്റുകളിലാണ് ഉത്തപ്പ കേരളത്തെ നയിക്കുക. അതേസമയം രഞ്ജിട്രോഫിയില്‍ ഉത്തപ്പ തന്നെ നയിക്കുമോ എന്ന് വ്യക്തമല്ല. രഞ്ജി ട്രോഫി ഡിസംബറിലെ നടക്കൂ എന്നതിനാല്‍ അക്കാര്യത്തില്‍ ഇപ്പോ തീരുമാനം പറയേണ്ട കാര്യമില്ലെന്നും കെ.സി.എ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും രഞ്ജിയിലെ കേരളത്തിന്റെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു.