പുരുഷവിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ സ്പിന്‍ ബൗളര്‍ സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ സ്പിന്‍ ബൗളര്‍ സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു. ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. മുന്‍ പേസര്‍ ഹര്‍വിന്ദര്‍ സിംങിനെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്.
മുഖ്യ സെലക്ടറായിരുന്ന എം.എസ്.കെ പ്രസാദിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. മദന്‍ലാല്‍, ആര്‍.പി സിങ്, സുലക്ഷണ നായിക് എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് ഉപദേശകസമിതി(CAC)യാണ് സെലക്ടര്‍മാരെ തെരഞ്ഞെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഉപദേശക സമിതി സെലക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സി.എ.സി വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പദ്ധതിയെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നതിനാലാണ് ജോഷിയേയും ഹര്‍വിന്ദര്‍ സിംങിനേയും തെരഞ്ഞെടുത്തതെന്ന് മദന്‍ലാല്‍ പറഞ്ഞു.
സെലക്ടര്‍മാരാകാന്‍ 40 അപേക്ഷകരുണ്ടായിരുന്നു. അവരില്‍നിന്ന് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വെങ്കിടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, എല്‍ എസ് ശിവരാമകൃഷ്ണന്‍ എന്നിവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു.
1996 മുതല്‍ 2001 വരെ നാല്‍പ്പത്തൊമ്പതുകാരനായ സുനില്‍ ജോഷി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. കര്‍ണാടക സ്വദേശിയായ ഇടംകൈയന്‍ ബൗളര്‍ 15 ടെസ്റ്റകളില്‍ നിന്നും 41 വിക്കറ്റുകള്‍ നേടി. 69 ഏകദിനങ്ങളില്‍ 69 വിക്കറ്റുകള്‍ സ്വന്തമാക്കി. ദക്ഷിണമേഖലയുടെ പ്രതിനിധിയായാണ് സെലക്ഷന്‍ കമ്മിറ്റിയിലെത്തിയത്. ബംഗ്ലാദേശ് ടീമിന്റെ സ്പിന്‍ ബൗളിംങ് ഉപദേശകനായും ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗഗന്‍ ഗോഡയ്ക്കു പകരമാണ് മുന്‍ പേസ് ബൗളര്‍ ഹര്‍വീന്ദര്‍സിങിനെ സെലക്ഷന്‍ സമിതിയിലെടുത്തത്. ദേവാങ് ഗാന്ധി, സരന്‍ദീപ് സിങ്, ജതിന്‍ പരാഞ്ജപേ എന്നിവരാണ് നിലവിലുള്ള സെലക്ടര്‍മാര്‍. പുതിയവരടക്കം അഞ്ചംഗ കമ്മിറ്റിയാകും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക.
പഞ്ചാബ് സ്വദേശിയായ ഹര്‍വീന്ദര്‍ മൂന്ന് ടെസ്റ്റും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1998-2000 സീസണിലാണ് നാല്‍പ്പത്തിരണ്ടുകാരന്‍ ഇന്ത്യക്കായി കളിച്ചത്. മധ്യമേഖലയുടെ പ്രതിനിധിയായാണ് സെലക്ഷന്‍ കമ്മിറ്റിയിലെത്തിയത്.