ആവേശകരമായ മത്സരത്തിനൊടുവിൽ കിവീസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോക ജേതാക്കളയാങ്കിലും, കളിയെ കുറിച്ചുള്ള വിമർശനങ്ങൾ അവസാനിക്കുന്നില്ല. വിഖ്യാത അമ്പയർ സെെമൺ ടോഫലാണ് ഏറ്റവും ഒടുവിലായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്തിൽ ഓവർ ത്രോ റണ്ണായി ഇംഗ്ലണ്ടിന് 6 റൺ നൽകിയ അമ്പയറുടെ നടപടിയെ ആണ് ടോഫൽ വിമർശിച്ചത്.
കിവീസ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 241 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ന്യൂസിലാന്റിന്റെ ട്രെന്‍റ് ബോള്‍ട് എറിഞ്ഞ അവസാന ഓവർ വളരെ നാടകീയത നിറഞ്ഞതായിരുന്നു. മൂന്ന് പന്തില്‍ 9 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
അവസാന ഓവറിലെ നാലാം പന്തിൽ, ബോള്‍ടിന്‍റെ യോര്‍ക്കര്‍ ലെങ്ത്ത് ഡെലിവറി ഓണ്‍ സൈഡിലേക്ക് പായിച്ച സ്റ്റോക്സ് രണ്ട് റണ്‍സ് നേടി. അതിനിടെ ബൌണ്ടറി ലൈനില്‍ നിന്നും ഗപ്ടില്‍ നല്‍കിയ ത്രോ, റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാനായി ഡൈവ് ചെയ്ത സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ഓവര്‍ ത്രോയായി ബൌണ്ടറിയിലെത്തുന്നു. അമ്പയർമാരായ കുമാര്‍ ധര്‍മസേനയും മരായ്സ് ഇരാസ്മസും കൂടിയാലോചന നടത്തി ഇംഗ്ലണ്ടിന് 6 റണ്‍സ് അനുവദിക്കുകയും ചെയ്തു. അതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 2 പന്തില്‍ 3 റണ്‍സാവുകയും പിന്നീട് മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഐ.സി.സി നിയമപ്രകാരം 5 റൺ മാത്രം നൽകേണ്ടിയിടത്ത് ഫീൽഡ് അമ്പയർമാർ 6 റൺസ് നൽകുകയായിരുന്നെന്നാണ് ടോഫൽ പറഞ്ഞത്. ക്രീസിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്സും ആദില്‍ റഷീദും രണ്ടാം റണ്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് പന്ത് ബാറ്റില്‍ തട്ടി ബൌണ്ടറിയിലേക്ക് കുതിച്ചത് എന്ന് ടി.വി റീപ്ലേകളില്‍ വ്യക്തമാണ്. അങ്ങിനെയെങ്കില്‍ 5 റണ്‍സാണ് അനുവദിക്കാനാവുക. അവസാന ഓവറിലെ അഞ്ചാം പന്ത് നേരിടേണ്ടി വരിക ബെന്‍ സ്റ്റോക്സിന് പകരം ആദില്‍ റഷീദുമാകുമായിരുന്നു. ഇത്തരത്തില്‍ അധികമായി അനുവദിച്ച ഒരു റണ്‍സാണ് ന്യൂസിലാന്‍ഡിന് കന്നി കിരീടം നഷ്ടമാക്കിയത്. ഇക്കാര്യത്തില്‍ അമ്പയര്‍മാര്‍ക്കുണ്ടായത് ഗുരുതര പിഴവാണെന്നും ടോഫൽ പ്രതികരിച്ചു.