ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു. മുൻ താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെയാണ് ഫാസ്റ്റ്, സ്പിൻ ബൗളിംഗ് പരിശീലകരായി നിയമിച്ചത്. 2009 ടി20 ലോകകപ്പും 2012ലെ ഏഷ്യാ കപ്പും നേടിയ ടീമിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും.
പാകിസ്ഥാൻ ഫാസ്റ്റ് ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ആറ് മാസത്തെ കരാറിൽ മോർക്കലിന് ഒരു മാസം കൂടി ബാക്കിയുണ്ട്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 വരെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും, 2024 ജനുവരി 12 മുതൽ 21 വരെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയുമാകും ഇവരുടെ ആദ്യ ദൗത്യങ്ങൾ.
മുമ്പ് അഫ്ഗാനിസ്ഥാനും ന്യൂസിലൻഡിനുമെതിരായ ടി20 ഐ പരമ്പരകളിൽ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായി ഉമർ ഗുൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ എച്ച്ബിഎൽ പിഎസ്എൽ സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളിംഗ് പരിശീലകനായും 2022ലെ ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പരിചയസമ്പന്നനായ 41-കാരൻ താരം, എല്ലാ ഫോർമാറ്റുകളിലുമായി 237 മത്സരങ്ങളിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ചു. മുൻ ലോക ഒന്നാം നമ്പർ ഏകദിന ബൗളറാറാണ് സയീദ് അജ്മൽ. 2008-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അജ്മൽ, എല്ലാ ഫോർമാറ്റുകളിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് 450-ന് അടുത്ത് അന്താരാഷ്ട്ര വിക്കറ്റുകൾ വീഴ്ത്തി മികച്ച റെക്കോർഡ് സ്വന്തമാക്കിയിരുന്നു.