Cricket Sports

യുഎഇയ്ക്കും അയർലൻഡിനും ടി-20 ലോകകപ്പ് യോഗ്യത

യുഎഇ, അയർലൻഡ് ടീമുകൾക്ക് ടി-20 ലോകകപ്പ് യോഗ്യത. ക്വാളിഫയർ പോരാട്ടത്തിൻ്റെ ഫൈനലിലെത്തിയ ഇരു ടീമുകളും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. യുഎഇ നേപ്പാളിനെ വീഴ്ത്തിയപ്പോൾ അയർലൻഡ് ഒമാനെ പരാജയപ്പെടുത്തി. രണ്ടാം തവണയാണ് യുഎഇ ടി-20 ലോകകപ്പ് യോഗ്യത നേടുന്നത്. അയർലൻഡ് ആവട്ടെ ഏഴാമത്തെ തവണയാണ് ലോകകപ്പിൽ കളിക്കുക. 24നാണ് ക്വാളിഫയർ ഫൈനൽ.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും വിജയിച്ച നേപ്പാളിനെ 68 റൺസിനാണ് യുഎഇ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 175 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാൾ 18.4 ഓവറിൽ 107 റൺസിന് ഓൾഔട്ടായി. 70 റൺസെടുത്ത മുഹമ്മദ് വസീം യുഎഇയുടെ ടോപ്പ് സ്കോററായപ്പോൾ 19കാരനായ ഇന്ത്യൻ വംശജൻ വൃത്യ അരവിന്ദ് 23 പന്തുകളിൽ 46 റൺസെടുത്ത് പുറത്തായി. മുഖിയ, അബിനാഷ് ബൊഹാറ എന്നിവർ നേപ്പാളിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 38 റൺസെടുത്ത ദിപേന്ദ്ര സിംഗ് ഐരിയാണ് നേപ്പാളിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ അഹ്മദ് റാസ യുഎഇക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി. റാസയാണ് കളിയിലെ താരം.

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. 32 പന്തുകളിൽ 47 റൺസെടുത്ത ഗാരെത് ഡെലനിയും 27 പന്തിൽ 35 റൺസെടുത്ത ഹാരി ടെക്ടറും 21 പന്തുകളിൽ 36 റൺസെടുത്ത ആൻഡി മക്ബ്രൈനുമാണ് അയർലൻഡിനായി തിളങ്ങിയത്. ഒമാനായി ബിലാൽ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 18.3 ഓവറിൽ 109 റൺസെടുക്കുന്നതിനിടെ ഒമാൻ്റെ എല്ലാവരും പുറത്തായി. ഷൊഐബ് ഖാൻ (30), ക്യാപ്റ്റൻ സീഷൻ മഖ്സൂദ് (28) എന്നിവരാണ് ഒമാനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. അയർലൻഡിനായി സിമി സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.