അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെയാണ് നേരിടുക. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.
ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.
ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.