Cricket Sports

ഏഴ് ഫൈനലുകള്‍, നാലുകിരീടങ്ങള്‍; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഇങ്ങനെ

ഏഴ് ഫൈനലുകൾ. നാല് കിരീടങ്ങൾ. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളൂ, ടീം ഇന്ത്യ. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടം ചൂടിയ ടീമാണ് ഇന്ത്യ. ടൂർണമെന്റിന്റെ 14ാം എഡിഷൻ കലാശപ്പോരിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ ചരിത്രമുറങ്ങുന്ന വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ പാഡു കെട്ടിയിറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം അഞ്ചാം കിരീടം.

1988 ൽ ആരംഭിച്ച ടൂർണമെന്റിൽ 2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2020 ൽ ഫൈനലിസ്റ്റുകളായിരുന്ന ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി ക്വാർട്ടർ ഫൈനലിൽ വച്ചുതന്നെ ബംഗ്ലാദേശിനോട് കണക്കു തീർത്ത് അവരെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ഫൈനലിൽ.

നോക്കാം ഇന്ത്യയുടെ അണ്ടർ19 ലോകകപ്പ് കിരീടനേട്ടങ്ങൾ

ഇന്ത്യ – ശ്രീലങ്ക, 2000 (ശ്രീലങ്ക)

1988 ല്‍ ആരംഭിച്ച അണ്ടർ 19 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ കിരീടത്തിൽ മുത്തമിടുന്നത് 21ാം നൂറ്റാണ്ട് പിറന്നിട്ടാണ്. കലാശപ്പോരിൽ നേരിടേണ്ടത് ആതിഥേയരായ ശ്രീലങ്കയെ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ 178 റൺസിന് ചുരുട്ടിക്കെട്ടി. ശ്രീലങ്കക്കായി അർധസെഞ്ച്വറി നേടിയ ജഹാൻ മുബാറക്കിന് മാത്രമാണ് തിളങ്ങാനായത്. മറുപടി ബാറ്റിംഗിൽ രതീന്ദർ സോധിയും നീരജ് പട്ടേലും യുവരാജ് സിങും നടത്തിയ പ്രകടനങ്ങൾ ഇന്ത്യയെ 40 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു. യുവരാജ് സിങ്ങായിരുന്നു മാൻ ഓഫ് ദ സീരീസ്

ഇന്ത്യ – ദക്ഷിണാഫ്രിക്ക, 2008 (മലേഷ്യ)

വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടൂർണമെന്റിനെത്തിയ ഇന്ത്യ ടൂർണമെന്‍റിന്‍റെ ഹോട്ട് ഫേവറേറ്റുകളായിരുന്നു. ആരാധകരുടെ പ്രതീക്ഷ പോലെ കരുത്തരെ മലർത്തിയടിച്ച് ഫൈനല്‍ പ്രവേശം. കലാശപ്പോരിൽ നേരിടാനുള്ളത് ദക്ഷിണാഫ്രിക്കയെ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്ക 159 റൺസിന് കൂടാരം കയറ്റി. 49 റൺസെടുത്ത തന്മയ് ശ്രീവാസ്തവക്ക് മാത്രമാണ് ഇന്ത്യക്കായി തിളങ്ങാനായത്.

എന്നാൽ മറുപടി ബാറ്റിങിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ അതേ നാണയത്തിൽ തിരിച്ചടിച്ചു. 11 റൺസ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് ബാറ്റര്‍മാര്‍ കൂടാരം കയറി. മഴ കളി മുടക്കിയതിനെത്തുടർന്ന് വിജയ ലക്ഷ്യം പുനർനിർണയിച്ചു. പക്ഷെ എന്നിട്ടും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് പിടിച്ചു നിൽക്കാനായില്ല. ദക്ഷിണാഫ്രിക്കയെ 12 റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് രണ്ടാം കിരീടം.

ഇന്ത്യ – ഓസ്‌ട്രേലിയ, 2012 (ഓസ്‌ട്രേലിയ)

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 87 റൺസെടുത്ത ടർണറുടെ മികവിൽ 225 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഉന്മുക് ചന്ദിന്റെ മികവിൽ 14 പന്ത് ബാക്കി നിൽക്കെ ഇന്ത്യ വിജയ തീരമണഞ്ഞു. ഇന്ത്യയുടെ മൂന്നാം കീരീടം. അണ്ടര്‍ 19 ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പം.

ഇന്ത്യ -ഓസ്‌ട്രേലിയ, 2018 (ന്യൂസിലാൻഡ്)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 76 റൺസെടുത്ത ജൊനാഥൻ മെർലോയുടെ മികവിൽ 216 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ പുറത്താകാതെ 101 റൺസെടുത്ത മനോജ് കൽറയുടെ മികവിൽ 38 ഓവറിൽ ഇ്ന്ത്യ വിജയതീരമണഞ്ഞു. ഈ വിജയത്തോടെ അണ്ടർ 19 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടം നേടുന്ന ടീം എന്ന റെക്കോർഡ് ഇന്ത്യയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.