വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പെര്‍ത്തിലെ വാക്കയില്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍ നേടി. മറുപടി ബാറ്റിംങിനിറങ്ങിയ ബംഗ്ലദേശിന് 20 ഓവറില്‍ 8ന് 124 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യക്കുവേണ്ടി ഓപണര്‍ ഷഫാലി വര്‍മയാണ് ബാറ്റിംങില്‍ തിളങ്ങിയത്. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സും സഹിതം ഷഫാലി 39 റണ്‍സ് അടിച്ചു. ജെമീമ 37 പന്തില്‍ 34 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വേദ കൃഷ്ണമൂര്‍ത്തി 11 പന്തില്‍ നിര്‍ണായകമായ 20 റണ്‍സും നേടി. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍ വന്നില്ലെങ്കിലും 142 റണ്‍സ് എടുക്കാന്‍ ഇന്ത്യക്കായി.
26 പന്തില്‍ അഞ്ചു ഫോറുകള്‍ സഹിതം 35 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ മുര്‍ഷിദ ഖാട്ടൂന്‍ 26 പന്തില്‍ നാലു ഫോറുകളോടെ 30 റണ്‍സെടുത്തു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പൂനം യാദവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്.
ഇന്ത്യന്‍ ഓപണര്‍ ഷഫാലി വര്‍മയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച ന്യൂസിലന്റിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.