Cricket

‘കോൾ ഹിം സർ’; സച്ചിനെ പേരെടുത്ത് വിളിച്ച ഓസ്‌ട്രേലിയന്‍ യുവ താരത്തിനെതിരെ ആരാധകർ

ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊന്നായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരൻ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷാഗ്നെ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ രോഷം ഏറ്റുവാങ്ങുകയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് അഭിസംബോധന ചെയ്യാതെ പേരെടുത്ത് വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മുതലാണ് സംഭവങ്ങളുടെ തുടക്കം. കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്യുകയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് എല്ലാ ആശംസകളും നേരുകയും ചെയ്തിരുന്നു. “കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിന്റെ തിരിച്ചുവരവ് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ മനോഹരമായ ഗെയിമിന് പുതിയ പ്രേക്ഷകരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വനിതാ ടീമിന് ഹൃദയം നിറഞ്ഞ ആശംസകള്‍” എന്നായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്.

“സച്ചിൻ പറഞ്ഞതിനോട് അനുകൂലിക്കുന്നു. ഓസീസ്-ഇന്ത്യ ഓപ്പണിംഗ് മത്സരം ഗംഭീര പോരാട്ടമായിരിക്കും” എന്ന് ലാബുഷാഗ്നെ ട്വീറ്റിന് മറുപടി നൽകി. മർനസ് ലാബുഷാഗ്‌നെയുടെ ഈ ട്വീറ്റ് ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല, സച്ചിനെ പേരെടുത്ത് വിളിച്ചത് അവരെ ചൊടിപ്പിച്ചു. സച്ചിന്‍ ആരാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ക്രിക്കറ്റിന്റെ തമ്പുരാൻ എന്ന് വിളിക്കപ്പെടുന്ന സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് ഒരു ദശാബ്ദത്തോളമായെങ്കിലും ആരാധകർക്ക് ഇപ്പോഴും അദ്ദേഹം ഒരു വികാരമാണ്.