Cricket

‘ടിം ഡേവിഡിനെ ഉടൻ ദേശീയ ടീമിൽ പരിഗണിക്കും’; ഓസീസ് ക്യാപ്റ്റൻ ആരോൻ ഫിഞ്ച്

ടിം ഡേവിഡിനെ ഉടൻ ദേശീയ ടീമിൽ പരിഗണിച്ചേക്കുമെന്ന് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി ഗംഭീര ഫോമിലായിരുന്ന ടിം ഡേവിഡ് ഏറെ വൈകാതെ ദേശീയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ക്യാപ്റ്റൻ രംഗത്തുവന്നത്.

“കുറച്ചുനാളായി അദ്ദേഹം തകർപ്പൻ ഫോമിലാണ്. ഐപിഎലിലെ അവസാന മത്സരങ്ങളിൽ ടിം വളരെ മികച്ചുനിന്നു. ആദ്യ പന്തുമുതൽ ഷോട്ടുകൾ കളിക്കുക എന്നത് വളരെ സവിശേഷതയുള്ള ഒരു കഴിവാണ്. അത് ഏറെക്കാലമായി അദ്ദേഹം തുടരുന്നു. ഇക്കാര്യം കുറച്ച് കാലത്തിനുള്ളിൽ ഞങ്ങൾ പരിഗണിക്കും.”- ഫിഞ്ച് ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.

ഐപിഎലിലെ ആദ്യ ചില മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ടിം ഡേവിഡ് സീസണിൻ്റെ രണ്ടാം പകുതിയിലാണ് ടീമിൽ തിരികെയെത്തിയത്. ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച താരം ഒരു ഇടവേളയ്ക്ക് ശേഷം 6 മത്സരങ്ങൾ മുംബൈക്കായി കളിച്ചു. 216.28 സ്ട്രൈക്ക് റേറ്റിൽ 186 റൺസാണ് താരം സീസണിൽ നേടിയത്. ചില മാച്ച് വിന്നിങ് ഇന്നിംഗ്സുകളും താരം കളിച്ചു. 16 സിക്സറുകളാണ് താരം സീസണിൽ അടിച്ചത്. മെഗാ ലേലത്തിൽ 8.25 കോടി രൂപയ്ക്കാണ് മുംബൈ ടിം ഡേവിഡിനെ ടീമിലെത്തിച്ചത്.