ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വൻ തോൽവിയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 497-നെതിരെ 162 റൺസിൽ ഓൾഔട്ടായ സന്ദർശകർക്ക് രണ്ടാം ഇന്നിങ്സിൽ 26 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഒന്നാം ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് പ്രോട്ടിയകളുടെ നടുവൊടിച്ചത്.
രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെയും (212) അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും (115) ബലത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 497 റൺസിൽ ഡിക്ലയർ ചെയ്ത ഇന്ത്യക്കെതിരെ ഒമ്പത് റൺസ് എടുക്കുമ്പോഴേക്ക് ദക്ഷിണാഫ്രിക്കക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. യുവതാരം സുബൈർ ഹംസയുടെ (62) പോരാട്ടവും ടെംബ ബവുമയുടെയും (32) അരങ്ങേറ്റ താരം ജോർജ് ലിൻഡെയുടെയും (32) ചെറുത്തുനിൽപ്പും ഒഴിച്ചാൽ ഇന്നും കഷ്ടമായിരുന്നു ആഫ്രിക്കക്കാരുടെ കാര്യങ്ങൾ. ഈ മൂന്നുപേരുമൊഴികെ ഒരാൾക്കും രണ്ടക്കം പോലും കാണാനായില്ല.
ഓപണർ ഡീൻ എൽഗർ (0), ഡീൻ പീഡ്റ്റ് (4) എന്നിവരെ മുഹമ്മദ് ഷമി കൂടാരം കയറ്റിയപ്പോൾ ഉമേഷ് യാദവ് മൂന്നും അരങ്ങേറ്റ താരം ഷഹബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവീതവും വിക്കറ്റെടുത്തു. 56.2 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു.