ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധോണിയെ ഒഴിവാക്കിയെന്ന വിവാദങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ അതിന് വിശദീകരണവുമായി ഇന്ത്യന്‍ ടീം സെലക്ടര്‍തന്നെ എത്തിയിരിക്കുന്നു. ധോണിയെ ടീം തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കിയതല്ലെന്നാണ് സെലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ട്വന്റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിനെ ഒരുക്കാനായി സമയം നല്‍കുകയാണ് ധോണി ചെയ്തതെന്നാണ് സെലക്ടറുടെ വിശദീകരണം. ഓരോ തവണ ടീം തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ധോണിയെ ചൊല്ലിയാണ് കൂടുതലും വിവാദങ്ങളുണ്ടാകുന്നത്. എക്കാലത്തും ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ധോണി. ഇത്തരം വിവാദങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സെലക്ടര്‍ പറഞ്ഞു.
‘ധോണിയെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. നേരെ മറിച്ച് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പിന് മുന്നോടിയായി ടീം സുസജ്ജമാക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ധോണി ചെയ്തിരിക്കുന്നത്. ധോണിയെ ഒഴിവാക്കിയെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി രണ്ട് മാസം മാറി നില്‍ക്കുന്നുവെന്നാണ് ധോണി പറഞ്ഞത്. അതുകൊണ്ട് കണക്ക് തെറ്റിയത് ഞങ്ങള്‍ക്കല്ല’ എന്നാണ് ഇന്ത്യന്‍ ടീം സെലക്ടര്‍മാരില്‍ ഒരാള്‍ പ്രതികരിച്ചത്.
ധോണി അകത്തോ പുറത്തോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും ധോണിക്ക് പകരമൊരു താരത്തെ ഇന്ത്യക്ക് കണ്ടെത്താനായിട്ടില്ലെന്നത് വസ്തുതയാണ്. ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയോ ടി ട്വന്റി ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ ഇന്ത്യ പ്രതിസന്ധിയിലാകും. ഇക്കാര്യം സെലക്ടര്‍മാര്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയും ബുംറയുമില്ല.