ഇംഗ്ലണ്ട് ലോകകപ്പ് ഫെെനലോടെ ഏറെ വിവാദങ്ങളാണ് സൂപ്പർ ഓവറിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നത്. സമനിലയില്‍ കലാശിക്കുന്ന മത്സരത്തിലെ സൂപ്പർ ഓവറും ടെെയിൽ അവസാനിച്ചാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നത് യുക്തിക്ക് ചേർന്നതല്ലെന്നായിരുന്നു കളി നിരീക്ഷകരുടെയും, മുൻ താരങ്ങളുടെയും പ്രതികരണം. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഏറ്റവുമൊടുവിലായി ഈ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സൂപ്പർ ഓവറിലെ ബൌണ്ടറി എണ്ണുന്നതിന് പകരം, മറ്റൊരു സൂപ്പർ ഓവർ കൂടി നൽകലാണ് ഉചിതമായ തീരുമാനമെന്ന് ടെണ്ടുൽക്കർ അഭിപ്രായപ്പെട്ടു. ലോകകപ്പ് മാത്രമല്ല, എല്ലാ മത്സരങ്ങളും പ്രധാനമാണ്. മത്സരം ടെെ ആകുന്ന എല്ലാ മത്സരങ്ങളിലും ഇത് നടപ്പിലാക്കാവുന്നതാണ്. ഫുട്ബോളിൽ കളി എക്സ്ട്രാ ടെെമിലേക്ക് നീളുന്നത് പ്രശ്നമുള്ള കാര്യമല്ലെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.
സമാന അഭിപ്രായം വെെസ് ക്യാപ്റ്റൻ രോഹിത്ത് ശർമയും പങ്കുവെച്ചു. ക്രിക്കറ്റിലെ ചില നിയമങ്ങൾ അടിന്തരമായ പുനരാലോചിക്കേണ്ടതുണ്ടെന്നാണ് രോഹിത്ത് ട്വിറ്ററിൽ കുറിച്ചത്. ലോകജേതാക്കളായ ഇംഗ്ലണ്ടിന് ആശംസയർപ്പിക്കുന്നതിനിടെ മുൻ താരം യുവരാജ് സിങ്ങും ടെെ നിയമത്തിനെതരെ രംഗത്ത് വന്നിരുന്നു.