Cricket

സന്ധ്യാനേരത്ത് ഷമിയെ നേരിട്ട് കോഹ്‌ലിയുടെ പ്രത്യേക മുന്നൊരുക്കം

നാളെ ഇന്ത്യ ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരം കളിക്കാനിരിക്കെ സന്ധ്യാ നേരത്ത് മുഹമ്മദ് ഷമിയുടെ പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രത്യേക ബാറ്റിംങ് പരിശീലനം. വൈകുന്നേരവും രാത്രിയിലുമാണ് കോഹ്‌ലി ഷമിയുടെ പന്തുകള്‍ തുടര്‍ച്ചയായി നേരിട്ട് ഈഡന്‍ഗാര്‍ഡനിലെ ചരിത്ര ടെസ്റ്റിന് ഒരുങ്ങുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകളാണ് പരിശീലനത്തിനും ഉപയോഗിച്ചത്.

ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരമാണെന്നതിനൊപ്പം പിങ്ക് പന്താണ് ഉപയോഗിക്കുകയെന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇന്ത്യന്‍ നിരയില്‍ അധികം പേര്‍ക്ക് പിങ്ക് പന്ത് നേരിട്ട് പരിചയമില്ല. ദുലീപ് ട്രോഫിയില്‍ അടക്കം പിങ്ക് പന്തില്‍ കളിച്ചു പരിചയമുള്ള പുജാര സന്ധ്യാനേരത്ത് പിങ്ക് പന്തിന്റെ നിറം മാറുന്ന പോലെ ബാറ്റ്‌സ്മാന് തോന്നുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാറ്റ്‌സ്മാന് വെല്ലുവിളിയാകുന്ന സന്ധ്യാസമയത്ത് ഇന്ത്യയുടെ മുന്‍ നിര ബൗളറായ ഷമിയുടെ പന്തുകള്‍ തന്നെ നേരിട്ട് കോഹ്‌ലി പരിശീലിച്ചത്.

മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി ബി.സി.സി.ഐ തലപ്പത്തെത്തിയതോടെയാണ് പകല്‍ രാത്രി ടെസ്റ്റ് എന്ന ആശയം ഉയര്‍ന്നുവരുന്നത്. ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം ദാദ കോഹ്‌ലിയോട് സംസാരിക്കുകയും സമ്മതം ഉറപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പകല്‍ രാത്രി ടെസ്റ്റിന് സമ്മതിച്ചത്. ഗാംഗുലി ബി.സി.സി.ഐ തലപ്പത്തെത്തി ആദ്യ മാസം പൂര്‍ത്തിയാകുന്ന ദിവസം തന്നെയാണ് കൊല്‍ക്കത്തയില്‍ ചരിത്ര ടെസ്റ്റ് ആരംഭിക്കുക.