ഒന്നാം ടെസ്റ്റിലെ തോല്‍വി, പര്യടനത്തിനായി എത്തിയ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പുറത്ത്, ഓസീസ് കാണികളുടെ വംശീയാധിക്ഷേപം… പ്രതിന്ധികളുടെ കയത്തില്‍ നിന്ന് ആസ്ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം.
അതില്‍ യുവരക്തങ്ങളുടെ അടങ്ങാത്ത ആത്മവീര്യത്തിന്റെ കനലുണ്ട്. അജിന്‍ക്യ രഹാനെ എന്ന പുതിയ നായകന്റെ ആത്മവിശ്വാസമുണ്ട്. എല്ലാറ്റിനും മുകളില്‍ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും.
കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയില്‍ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു കൂടിയായിരുന്നു. അതു കൊണ്ടു തന്നെയാണ് ഈ ജയവും പരമ്പരയും ഏറെ മധുരതരമാകുന്നത്.
പുതിയ കപ്പിത്താന്
ആദ്യ ടെസ്റ്റില്‍ കളിച്ച നായകന് വിരാട് കോലി നാട്ടിലേക്ക് മടങ്ങിയത് തിരിച്ചടിയാകുമോ എന്ന ഭയം ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കിയ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു.
രണ്ടാം ടെസ്റ്റിലെ ഐതിഹാസികമായ ജയത്തിന് പിന്നില്‍ രഹാനെയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍സിയുമുണ്ടായിരുന്നു. മൂന്നാം ടെസ്റ്റില്‍ വീരോചിത സമനില. നാലാം ടെസ്റ്റില്‍ വിജയവും. സിഡ്നിയിലെ മൂന്നാം ടെസ്റ്റിലാണ് മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും കാണികളില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. കളി നിര്‍ത്തിവച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കളത്തില്‍ യഥാര്‍ത്ഥ നായകനായി അന്ന് രഹാനെ.
രഹാനെയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാകും ഓസീസിനെതിരെയുള്ള പരമ്പര ജയം എന്നതില്‍ സംശയമില്ല. ഗൂഗ്ള്‍ സിഇഒ സുന്ദര്‍പിച്ചൈ അതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്;
”എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയങ്ങളില്‍ ഒന്ന്. ഇന്ത്യയ്ക്ക് അഭിനന്ദനം. ഓസീസും നന്നായി കളിച്ചു. എന്തൊരു പരമ്പര!’
ഇതാ പുതിയ ഇന്ത്യ!
വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആര് അശ്വിന്, കെഎല്‍ രാഹുല്‍ തുടങ്ങിയ വന്‍ തോക്കുകളുടെ സേവനം ലഭിക്കാത്ത പരമ്പരയില്‍ ഉയര്‍ന്നു വന്നത് ഒരുപിടി പുതിയ താരങ്ങളാണ്.
ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ ടി നടരാജന്…തുടങ്ങി ഒരുപിടി താരങ്ങള്‍. ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ് എന്ന് തെളിയിക്കുന്ന പരമ്പര കൂടിയാണ് അവസാനിക്കുന്നത്.
നെറ്റില്‍ പരിശീലനത്തിനായി പന്തെറിയാനായി വന്ന നടരാജനും ശാര്‍ദുലുമൊക്കെ ടീമിനെ മൊത്തം തോളിലേറ്റി എന്നതു ഏത് ക്രിക്കറ്റ് ആരാധകനെയാണ് ആഹ്ലാദിപ്പിക്കാത്തത്?