Cricket

ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകൾ: ഷാഹിദ് അഫ്രീദി

ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകളെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച പ്രകടനം നടത്താൻ ടീമിനു സാധിക്കുമെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ശുഭാപ്തിവിശ്വാസം പങ്കുവച്ചത്. (t20 world cup pakistan afridi)

“ടി-20 ലോകകപ്പിനായി പുറപ്പെടുന്ന സംഘം കരുത്തരാണ്. നല്ല ബൗളർമാരുണ്ട്, ആക്രമിച്ചുകളിക്കാൻ കഴിയുന്ന ഓൾറൗണ്ടർമാരും ഉണ്ട്. ഓസ്ട്രേലിയയിലെ പിച്ചുകൾ മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നു. മാൻ മാനേജ്മെൻ്റാണ് പ്രധാനം. പരിശീലനമൊക്കെ അത് കഴിഞ്ഞ് പരിഗണിക്കേണ്ട വിഷയമാണ്. താരങ്ങളൊക്കെ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ മാൻ മാനേജ്മെൻ്റാണ് പ്രധാനം.”- അഫ്രീദി പറഞ്ഞു.

ഒക്ടോബർ 23ന് മെൽബണിൽ വച്ച് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്താൻ്റെ ആദ്യ മത്സരം. കഴിഞ്ഞ ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം. ലോകകപ്പുകളിൽ ഇന്ത്യക്കെതിരായ പാകിസ്താൻ്റെ ആദ്യ ജയമായിരുന്നു ഇത്.

ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് അയൽക്കാർ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.

ഒക്ടോബർ 16നാണ് ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.