ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്‌ലൻഡിനെ 72 റൺസിന് തോൽപ്പിച്ച് പാകിസ്താൻ. പാകിസ്താൻ മുന്നോട്ടുവെച്ച 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്‌കോട്‌ലൻഡിന് 20 ഓവറിൽ ആറ് വിക്കറ്റിന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ രണ്ടാം ഗ്രൂപ്പിൽ 10 പോയിൻറുമായി പാകിസ്താൻ മുന്നിലെത്തി. എട്ട് പോയിൻറുള്ള ന്യൂസിലൻഡാണ് രണ്ടാമത്. (T20 World Cup Semifinal)
സ്‌കോട്‌ലൻഡിനെ പാകിസ്താൻ തോൽപിച്ചതോടെ സെമിഫൈനൽ ലൈനപ്പായി.ആദ്യ സെമിയിൽ നവംബർ 10-ാം തിയതി ഇംഗ്ലണ്ടിനെ ന്യൂസിലൻഡും രണ്ടാം സെമിയിൽ 11-ാം തിയതി പാകിസ്താനെ ഓസ്‌ട്രേലിയയും നേരിടും. ദുബായിൽ 14-ാം തിയതിയാണ് ഫൈനൽ.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 189 റൺസെടുത്തു. നായകൻ ബാബർ അസം വീണ്ടും ക്ലാസ് കാട്ടിയപ്പോൾ വെടിക്കെട്ട് അർധ സെഞ്ചുറിയുമായി ഷൊയൈബ് മാലിക്കും അതിവേഗ ബാറ്റിംഗുമായി മുഹമ്മദ് ഹഫീസുമാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്.മറുപടി ബാറ്റിംഗുമായി ഇറങ്ങിയ സ്‌കോട്‌ലൻഡ് നിശ്ചിത 20 ഓവറിൽ 117/6 എടുക്കാനെ സാധിച്ചുള്ളൂ. സ്‌കോട്‌ലൻഡിന് വേണ്ടി റിച്ചി ബെറിഗ്ടൺ 54 റൺസെടുത്ത് പുറത്താകാതെ നിന്നു. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ 2 വിക്കറ്റ് എടുത്തു.