രാജ്യാന്തര ടി-20യിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി. ഹോങ്കോങിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 44 പന്തുകൾ നേരിട്ട താരം 59 റൺസെടുത്ത് പുറത്താവാതെ നിന്നു. നിലവിൽ 101 ടി-20 മത്സരങ്ങൾ കളിച്ച കോലിക്ക് 50.77 ശരാശരിയിൽ 3,402 റൺസാണ് ഉള്ളത്.
പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയാണ് കോലി മറികടന്നത്. 57 മത്സരങ്ങളിൽ നിന്ന് 50.14 ശരാശരിയാണ് റിസ്‌വാനുള്ളത്. ന്യൂസീലൻഡിൻ്റെ ഡെവോൺ കോൺവേ (23 മത്സരങ്ങളിൽ 47.20 ശരാശരി), പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം (75 മത്സരങ്ങളിൽ 44.93 ശരാശരി), ഇന്ത്യൻ താരം മനീഷ് പാണ്ഡെ (39 മത്സരങ്ങളിൽ 44.31 ശരാശരി) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
മത്സരത്തിൽ ഹോങ്കോങ്ങിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ വിജയിച്ചിരുന്നു. തുടർച്ചയായ രണ്ട് വിജയത്തോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി മാറി ഇന്ത്യ. ആദ്യ മത്സരത്തിൽ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനും നേരത്തെ സൂപ്പർ ഫോറിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 193 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യക്കായി സൂര്യകുമാർ യാദവ് (26 പന്തിൽ 68) ടോപ്പ് സ്കോറർ ആയപ്പോൾ കോലി 44 പന്തിൽ 59 റൺസെടുത്തു.