Cricket Sports

ടി-ട്വന്റി ലോകകപ്പ് ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി

ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 33 പന്ത് ശേഷിക്ക് മറി കടന്നു.

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം ന്യൂസിലന്‍ഡിനെ 44ലെത്തിച്ചു. പിന്നാലെ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് വില്യംസണും(33), കോണ്‍വേയും(2) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡിനായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.

സൂര്യകുമാറിന് പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്‌സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്‍റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ മടക്കി. അവസാന ഓവറില്‍ രാഹുൽ (18) പുറത്തായി.

രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു.