സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. അസമിനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. അസം മുന്നോട്ടുവച്ച 122 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. 56 റൺസെടുത്ത് പുറത്താവാതെ നിന്ന രോഹൻ കുന്നുമ്മലാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. മുഹമ്മദ് അസ്‌ഹറുദ്ദീൻ (24), സച്ചിൻ ബേബി (21 നോട്ടൗട്ട്) എന്നിവരും കേരള ഇന്നിംഗ്സിൽ നിർണായക സംഭാവനകൾ നൽകി. ക്യാപ്റ്റൻ സഞ്ജു സാംസൺ 14 റൺസെടുത്ത് പുറത്തായി. (mushtaq ali kerala assam)
ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 121 റൺസ് നേടിയത്. പേസർ ബേസിൽ തമ്പിയുടെ തകർപ്പൻ ബൗളിംഗിനു മുന്നിൽ അസം തകർന്നടിയുകയായിരുന്നു. 4 ഓവറുകളിൽ വെറും 21 റൺസ് മാത്രം വിട്ടുനൽകിയ ബേസിൽ 3 വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന 4 ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. കെഎം ആസിഫ് ഇന്ന് കളിക്കാൻ ഇറങ്ങിയില്ല. ഉത്തപ്പയും ടീമിലുണ്ടായിരുന്നില്ല. ഇരുവർക്കും പരുക്കാണെന്നാണ് വിവരം. 24 റൺസ് നേടിയ ക്യാപ്റ്റൻ റിയൻ പരഗ് ആണ് അസമിൻ്റെ ടോപ്പ് സ്കോറർ ആയത്. അസം നിരയിൽ 4 താരങ്ങൾ ഒറ്റയക്കത്തിനു പുറത്തായി.
മറുപടി ബാറ്റിംഗിൽ കേരളം വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് വിജയലക്ഷ്യം മറികടന്നത്. രോഹൻ ഒരു വശത്ത് ഉറച്ചപ്പോൾ മറുപുറത്ത് അസ്‌ഹറും സഞ്ജുവും നിശ്ചിത ഇടവേളകളിൽ പുറത്തായി. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ കളിച്ച റിയൻ പരഗാണ് കേരള ക്യാപ്റ്റൻ്റെ വിക്കറ്റ് പിഴുതത്. രോഹനും സച്ചിനും ചേർന്ന അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിനു രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. 56 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
എലീറ്റ് ഗ്രൂപ്പ് ഡിയിൽ 4 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം 8 പോയിൻ്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. നാളെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിനെതിരെയാണ് കേരളത്തിൻ്റെ അവസാന മത്സരം. റെയിൽവേയ്സിനെതിരെ നേരിട്ട അപ്രതീക്ഷിത തോൽവിയാണ് കേരളത്തിനു തിരിച്ചടി ആയത്. മധ്യപ്രദേശിനെതിരെ വിജയിക്കാനായാൽ കേരളം, മധ്യപ്രദേശ്, ഗുജറാത്ത് ടീമുകൾക്ക് 12 പോയിൻ്റ് വീതം ആകും. അപ്പോൾ നെറ്റ് റൺ റേറ്റ് നിർണായകമാവും.