രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് സൺറൈസേഴ്സ് രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 165 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി ജേസൻ റോയ്‌യും കെയിൻ വില്ല്യംസണും ഫിഫ്റ്റി നേടി. 60 റൺസെടുത്ത റോയ് ആണ് അവരുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 51 റൺസ് നേടി പുറത്താവാതെ നിന്നു. (sunrisers won rajasthan royals)
ഗംഭീര തുടക്കമാണ് ഓപ്പണർമാർ ചേർന്ന് സൺറൈസേഴ്സിനു നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ ജേസൻ റോയ്‌യും വൃദ്ധിമാൻ സാഹയും ചേർന്ന് 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. സാഹയെ പുറത്താക്കിയ മഹിപാൽ ലോംറോർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18 റൺസെടുത്ത സാഹയെ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ കെയിൻ വില്ല്യംസൺ ഉറച്ചുനിന്നതോടെ ഹൈദരാബാദ് കുതിച്ചു. ഇതിനിടെ റോയ് ഫിഫ്റ്റി നേടി. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും ഷോട്ടുകൾ കളിച്ച് റോയ് മുന്നേറവെ ചേതൻ സക്കരിയ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. 42 പന്തുകളിൽ 60 റൺസെടുത്ത റോയ്‌യെ സഞ്ജു ഗംഭീരമായി പിടികൂടുകയായിരുന്നു. പ്രിയം ഗാർഗ് (0) ഗോൾഡൻ ഡക്കായി. മുസ്തഫിസുർ റഹ്മാനായിരുന്നു വിക്കറ്റ്.
നാലാം നമ്പറിലെത്തിയ അഭിഷേക് ശർമ്മ വില്ല്യംസണൊപ്പം ക്രീസിൽ ഉറച്ചു. ഇരുവരും മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ രാജസ്ഥാന് മറുപടി ഇല്ലാതായി. 19ആം ഓവറിൽ രണ്ട് ബൗണ്ടറികളോടെ ടീമിനെ വിജയിപ്പിച്ച വില്ല്യംസൺ ഫിഫ്റ്റിയും തികച്ചു. വില്ല്യംസണും (51) അഭിഷേക് ശർമ്മയും (21) പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് അപരാജിതമായ 48 റൺസിൻ്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഇതോടെ സഞ്ജു ഈ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ സൺറൈസേഴ്സ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുനിർത്തുകയായിരുന്നു.