ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 28 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. ശ്രീലങ്കയ്ക്ക് വേണ്ടി അവിഷ്ക ഫെർണാണ്ടോ 50 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ 25 ആം ഓവറിലെ അവസാന പന്തിൽ ഫെർണാണ്ടോയെ ഭുവനേശ്വർ കുമാർ പുറത്താക്കി.
മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഏകദിനത്തിൽ ലഭിച്ചത്. ഫെർണാണ്ടോയും മിനോദ് ഭാനുകയും ചേർന്ന് ആദ്യ വിക്കറ്റിൽ 77 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 14ആം ഓവറിൽ യുസ്‌വേന്ദ്ര ചഹാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 റൺസ് നേടിയ മിനോദ് ഭാനുകയെ മനീഷ് പാണ്ഡെ പിടികൂടി. ഓവറിലെ അടുത്ത പന്തിൽ ഭാനുക രാജപക്സയും (0) പുറത്ത്. രാജപക്സയെ ഇഷാൻ കിഷൻ പിടികൂടുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയെ കൂട്ടുപിടിച്ച് അവൊഷ്ക ഫെർണാണ്ടോ ശ്രീലങ്കൻ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ, 25ആം ഓവറിൽ ഭുവി പരമ്പരയിലെ തൻ്റെ ആദ്യ വിക്കറ്റായി അവിഷ്കയെ മടക്കി. ഫിഫ്റ്റിക്ക് പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച താരത്തെ കൃണാൽ പാണ്ഡ്യ പിടികൂടുകയായിരുന്നു. 28ആം ഓവറിൽ ധനഞ്ജയ ഡിസിൽവയും മടങ്ങി. 32 റൺസെടുത്ത താരത്തെ ദീപക് ചഹാർ ശിഖർ ധവാൻ്റെ കൈകളിൽ എത്തിച്ചു. നിലവിൽ ചരിത് അസലങ്ക (5), ദാസുൻ ഷനക (1) എന്നിവരാണ് ക്രീസിൽ.
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പരുക്കിൽ നിന്ന് മുക്തനായെങ്കിലും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിർത്തുകയായിരുനു. ശ്രീലങ്കയിൽ ഇസുരു ഉദാനയ്ക്ക് പകരം കാസുൻ രജിത ടീമിലെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.