ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ജയം. 4 റൺസിനാണ് ഹൈദരാബാദിൻ്റെ ജയം. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 41 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വൽ 40 റൺസെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. (srh won rcb ipl)
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ വിരാട് കോലി (5) ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഡാനിയൽ ക്രിസ്റ്റ്യൻ (1) സിദ്ധാർത്ഥ് കൗളിൻ്റെ പന്തിൽ കെയിൻ വില്ല്യംസണു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഒരു ബൗണ്ടറിയും സിക്സറുമായി മികച്ച രീതിയിൽ തുടങ്ങിയ ശ്രീകർ ഭരത് ഉമ്രാൻ മാലിക്കിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റായി പവലിയനിലെത്തി. ഭരതിനെ വൃദ്ധിമാൻ സാഹ പിടികൂടുകയായിരുന്നു.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന ദേവ്ദത്ത്-മാക്സ്‌വൽ സഖ്യമാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ദേവ്ദത്തിനെ ഒരു വശത്ത് നിർത്തി മാക്സ്‌വൽ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 54 റൺസാണ് ഈ സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ കെയിൻ വില്ല്യംസണിൻ്റെ ഒരു തകർപ്പൻ ഏറിൽ മാക്സ്‌വൽ (40) റണ്ണൗട്ടായി മടങ്ങി. ഏറെ വൈകാതെ റാഷിദ് ഖാൻ്റെ പന്തിൽ അബ്ദുൽ സമദിനു പിടികൊടുത്ത് ദേവ്ദത്ത് പടിക്കലും പുറത്തായി. 52 പന്തുകൾ നേരിട്ട് 41 റൺസ് നേടിയാണ് ദേവ്ദത്ത് മടങ്ങിയത്.
അവസാന ഓവറുകളിൽ ചില ബൗണ്ടറികൾ നേടിയ ഷഹബാസ് അഹ്മദാണ് ഒടുവിൽ ബാംഗ്ലൂരിനെ വിജയത്തിനരികെ എത്തിച്ചത്. 9 പന്തുകളിൽ 14 റൺസ് നേടിയ ഷഹബാസിനെ 19ആം ഓവറിൽ ജേസൻ ഹോൾഡർ കെയിൻ വില്ല്യംസണിൻ്റെ കൈകളിലെത്തിച്ചു. അവസാന ഓവറിൽ 13 റൺസായിരുന്നു ആർസിബിയുടെ വിജയലക്ഷ്യം. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ സിംഗിൾ എടുക്കാനേ ബാംഗ്ലൂരിനു സാധിച്ചുള്ളൂ.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.