ബൗൺസി, പേസി ട്രാക്കുകൾ ഫെയർപ്ലേയും സ്ലോ ട്രാക്കുകൾ അൺഫെയർ പ്ലേയുമായി വർഗീകരിക്കപ്പെടുന്നത് എങ്ങനെയാണ്? പേസ് ബൗളിംഗ് എലീറ്റും സ്പിൻ ബൗളിംഗ് രണ്ടാം കിടയും ആകുന്നതെങ്ങനെയാണ്? ബോർഡർ – ഗവാസ്കർ പരമ്പര നാളെ ആരംഭിക്കാനിരിക്കെ പല ഓസ്ട്രേലിയൻ ‘ഇതിഹാസ’ങ്ങളും മാധ്യമങ്ങളും ഇത്തരത്തിലാണ് അഭിപ്രായപ്പെടുന്നത്. പണ്ട് മുതലേ ഉള്ള ഒരു നറേറ്റിവാണ് ഇത്. അഥവാ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഫെയർ എന്നും സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ അൺഫെയർ ആണെന്നും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന മത്സരങ്ങളിൽ സ്പിൻ ഫ്രണ്ട്ലി ട്രാക്ക് ഒരുക്കുമ്പോൾ വിമർശിക്കുന്നവർ ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും പേസ് ഫ്രണ്ട്ലി ട്രാക്കുകളെ അതേ നാവുകൊണ്ട് പുകഴ്ത്താറുണ്ട്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ ഇയാൽ ഹീലി പറഞ്ഞത്, ‘നീതിയുക്തമല്ലാത്ത (അൺഫെയർ) പിച്ചുകൾ ഒരുക്കിയില്ലെങ്കിൽ ഓസ്ട്രേലിയ പരമ്പര നേടും’ എന്നായിരുന്നു. അൺഫെയർ എന്ന വാക്കിൻ്റെ വിശദീകരണമായി ഹീലി തുടർന്നു. ‘ആദ്യ ദിനം മുതൽ കുത്തിത്തിരിയുന്ന പന്തുകൾ അല്ലെങ്കിൽ പരമ്പര ഓസ്ട്രേലിയ നേടും.’ കഴിഞ്ഞ ബോർഡർ – ഗവാസ്കർ ട്രോഫി ഓസ്ട്രേലിയയിൽ വച്ച് ഇന്ത്യ നേടിയത് ഹീലിയുടെ ഭാഷ്യത്തിലെ ‘ഫെയർ’ പിച്ചുകളിലായിരുന്നു. മുൻ ഓസീസ് പേസ് ഇതിഹാസം ജേസൺ ഗില്ലസ്പിയും സ്പിൻ പിച്ചുകളുടെ ‘അൺഫെയർനസി’നെപ്പറ്റി ആശങ്കപ്പെട്ടു.