Cricket Sports

ഒരു മാറ്റവുമില്ല, ദക്ഷിണാഫ്രിക്ക ഇന്നും ഇങ്ങനെതന്നെ…

നാലാം തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു. കിരീട സാധ്യതയുമായി വന്ന് കണ്ണീരോടെ മടങ്ങുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഈ പേരുകള്‍ ഒന്ന് ശ്രദ്ധിക്കുക, ക്വിന്റണ്‍ ഡികോക്, ഹാഷിം അംല, ഫാഫ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ജെ.പി ഡുമിനി, പേരുകേട്ട ബാറ്റ്സ്മാന്‍മാര്‍, വെടിക്കെട്ട് വീരന്മാര്‍.

പന്തെറിയാന്‍ ഇമ്രാന്‍ താഹിര്‍, കാഗിസോ റബാദ, ക്രിസ് മോറിസ്, പെഹ്‌ലുക്വായോ. ഏത് ബാറ്റിങ് നിരയ്ക്കും മുട്ടിടിക്കും. പക്ഷെ ലോകകപ്പില്‍ മുട്ടിടിച്ച് വീണത് ദക്ഷിണാഫ്രിക്കയാണ്, മേല്‍പറഞ്ഞ പേരുകളെല്ലാം പേരുകള്‍ മാത്രമായി അവശേഷിച്ചു.

ഐ.പി.എല്ലിലെ ഡെയില്‍ സ്റ്റെയിനിന്റെയും ലങ്കി എന്‍ഗിഡിയും പരിക്കേറ്റ് പിന്മാറിയെന്ന് ഒരു ന്യായത്തിന് പറയാം. പക്ഷെ രണ്ട് ബൗളര്‍മാരുടെ നഷ്ടം കൊണ്ട് തകരുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ടീമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആറു മത്സരങ്ങള്‍ കഴിഞ്ഞിട്ടും മുന്‍ നിര ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ പോലും 200 റണ്‍സ് സംഭാവന ചെയ്തിട്ടില്ല. ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത് ഒരിക്കല്‍ മാത്രം.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് ഞെട്ടിക്കുന്ന തോല്‍വി. പിന്നാലെ ഇന്ത്യയോടും തോറ്റു. വിന്‍ഡീസിനെതിരായ മത്സരം മഴയില്‍ ഒലിച്ചുപോയി. ആദ്യ ജയം നേടുന്നത് അഞ്ചാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്ഡിനോട് ഈ ടീം ജയിക്കുമെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിച്ചിട്ടുണ്ടാവില്ല, ജയിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഒരിക്കല്‍ പോലും അവര്‍ തെളിയിച്ചില്ല എന്നതാണ് വാസ്തവം.

92ല്‍ മഴ വില്ലനായപ്പോള്‍, 99ല്‍ കണക്കിലെ കളിയില്‍ തോറ്റപ്പോള്‍, 2003 ല്‍ മഴക്കണക്ക് തെറ്റിയപ്പോള്‍, 2015ല്‍ മഴ വീണ്ടും വില്ലന്‍ വേഷം കെട്ടിയപ്പോള്‍ ക്രിക്കറ്റ് ലോകവും കരഞ്ഞിരുന്നു നിങ്ങള്‍ക്കൊപ്പം. പക്ഷെ ക്ഷമിക്കണം ഡുപ്ലസി നിങ്ങളുടെ ടീം ദയ അര്‍ഹിക്കുന്നില്ല, നിങ്ങളിത് ചോദിച്ചുവാങ്ങിയതാണ്.