Cricket Sports

‘രോഹിത്ത് തന്നെ ടെസ്റ്റ് ഓപ്പണ്‍ ചെയ്യട്ടെ’

ക്രിക്കറ്റ് വേൾഡ് കപ്പിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സമാൻ രോഹിത്ത് ശർമ, ഏവരുടെയും പ്രീതി പിടിച്ചു പറ്റുകയുണ്ടായി. 5 ലോകകപ്പ് സെഞ്ച്വറികൾ നേടി പരിമിത ഓവര്‍ ക്രിക്കറ്റിലെ ഫേവറിറ്റായ താരം പക്ഷെ, ഇപ്പോഴും ടെസ്റ്റ് ടീമിൽ സ്ഥിരത കണ്ടെത്തിയിട്ടില്ല. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ രോഹിത്ത് തന്നെ ബാറ്റിങ് ഓപ്പൺ ചെയ്യുന്നതാണ് നല്ലതെന്നാണ് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.

ഏകദിനത്തിന് സമാനമായി ടെസ്റ്റിലും രോഹിത്ത് തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യണം. ടെസ്റ്റ് വെെസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ മധ്യനിരയിലെ സ്ഥിരത നിലനിർത്തണമെന്നുമാണ് തന്റെ അഭിപ്രായമെന്ന് ടെെംസ് ഓഫ് ഇന്ത്യയിൽ ഗാംഗുലി കുറിച്ചത്. ഏകദിന, ടി20 ഫോർമാറ്റുകളി‍ൽ മുൻ നിര ബാറ്റ്സമാനാണ് രോഹിത്ത്. ഏകദിനത്തിൽ മൂന്ന് ഇരട്ടശതകം നേടിയ ഏക കളിക്കാരനായ രോഹിത്ത് ശർമ, ടെസ്റ്റിലെ തന്റെ മധ്യനിര പൊസിഷനിൽ വേണ്ടത്ര മികവ് പുലർത്തിയിരുന്നില്ല.

അവസാനമായി കളിച്ച് രണ്ട് ടെസ്റ്റ് പരമ്പരകളിൽ, നേരത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നാല് ഇന്നിങ്സുകളിൽ നിന്നായി കേവലം 78 റൺസായിരുന്നു താരം നേടിയത്. ആസ്ത്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പരിക്ക് മൂലം കളി പാതിവെച്ച് നിർത്തിപോരുകയായിരുന്നു താരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനം രോഹിത്തിന് മികവ് തെളിയിക്കാനുള്ളതാണെന്നാണ് ഗാംഗുലി കുറിച്ചത്. വിക്കറ്റിന് പിന്നിൽ റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിങ്ങനെ രണ്ട് കീപ്പർമാരുള്ള സ്ക്വാഡിൽ, പന്തിനെയാണ് ഗാംഗുലി തെരഞ്ഞെടുത്തിരിക്കുന്നത്.