നാല് മത്സരങ്ങളാണ് മഴ മൂലം ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ റദ്ദാക്കേണ്ടി വന്നത്. പോയിന്റ് നിലയില്‍ മുന്നിലുള്ള ന്യൂസിലന്റ് പോലും ജയിച്ചത് മൂന്ന് മത്സരങ്ങളിലെങ്കില്‍ മഴ ജയിച്ചത് നാലെണ്ണത്തില്‍. ഇത്തരത്തില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ തന്നെ രസംകൊല്ലിയായി മഴ മാറുന്നതിനിടെയാണ് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ കമന്റേറ്ററായി ഇംഗ്ലണ്ടിലുള്ള ഗാംഗുലി മൈതാനം മൂടാന്‍ ഇംഗ്ലീഷുകാര്‍ ഉപയോഗിക്കുന്ന കവറിന്റെ പോരായ്മയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇത് ഗ്രൗണ്ട് സ്റ്റാഫിന്റെ സമയം മെനക്കെടുത്തുന്നതാണെന്നും കൂടുതല്‍ ജീവനക്കാരുടെ സേവനം ആവശ്യപ്പെടുന്നതാണെന്നും ഗാംഗുലി പറയുന്നു. ഇതിനേക്കാള്‍ പ്രധാനമായ പെട്ടെന്ന് മത്സരം തുടങ്ങാന്‍ സഹായിക്കുന്നതല്ല ഈ കവറുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയില്‍ പ്രത്യേകിച്ചും ഈഡന്‍ ഗാര്‍ഡനില്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് കവറുകള്‍ ഇതിനേക്കാള്‍ മികച്ചതാണ്. ഭാരവും വിലയും അവക്ക് കുറവാണ്. അതുകൊണ്ടു തന്നെ ഗ്രൗണ്ട് സ്റ്റാഫിന് എളുപ്പത്തില്‍ ഉപയോഗിക്കാനാകും. മഴ നിന്ന് പത്തു മിനുറ്റിനുള്ളില്‍ ഈഡന്‍ ഗാര്‍ഡനില്‍ കളി പുനരാരംഭിക്കാനാകുമെന്നും ഗാംഗുലി ഓര്‍മ്മിപ്പിക്കുന്നു.