ഇന്ത്യയുടെ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ടി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. (sourav ganguly rahul dravid)
“ദ്രാവിഡ് പരിശീലകനാവുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ അദ്ദേഹം എൻസിഎ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുൻപ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. ആ സ്ഥിതിയിൽ മാറ്റം വന്നിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം.”- ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ഇതിഹാസ താരം ദ്രാവിഡ് സമ്മതമറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് -ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
ഇന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുന്ന ശമ്പളം 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വന്നു. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരുമെന്നായിരുന്നു റിപ്പോർട്ട്.