സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ 35 റൺസിൻ്റെ മികച്ച ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 128 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഹിമാചലിനെ തകർത്ത് സീസൺ ആരംഭിച്ചത് കേരളത്തിന് ആത്മവിശ്വാസം നൽകും. (smat kerala won himachal)
കേരളത്തിനായി രോഹൻ കുന്നുമ്മൽ (5) വേഗം പുറത്തായപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ (14 പന്തിൽ 20) ഭേദപ്പെട്ട പ്രകടനം നടത്തിയാണ് മടങ്ങിയത്. മൂന്നാം വിക്കറ്റിൽ വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന 48 റൺസ് കൂട്ടുകെട്ട് കേരളത്തിനു മേൽക്കൈ നൽകി. 27 പന്തിൽ 44 റൺസ് നേടിയ വിഷ്ണു തകർപ്പൻ ഫോമിലായിരുന്നു. പക്ഷേ, 23 റൺസ് നേടാൻ 25 പന്തുകളെടുത്ത സൽമാൻ്റെ മെല്ലെപ്പോക്ക് കേരളത്തിനു തിരിച്ചടിയായി. ഈ തിരിച്ചടിയ്ക്കിടെ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരു റൺ മാത്രമെടുത്തും അബ്ദുൽ ബാസിത്ത് 3 റൺസെടുത്തും മടങ്ങിയതോടെ കേരളം ബാക്ക്ഫൂട്ടിലായി. ഒടുവിൽ ഇംപാക്ട് പ്ലയറായി എത്തിയ സച്ചിൻ ബേബി വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്പാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. 20 പന്തിൽ 30 റൺസെടുത്ത സച്ചിൻ പുറത്താവാതെ നിന്നപ്പോൾ കർണാടകയിൽ നിന്ന് ഈ സീസണിൽ കേരളത്തിലെത്തിയ ശ്രേയാസ് ഗോപാൽ (9 പന്തിൽ 12), സിജോമോൻ ജോസഫ് (8 പന്തിൽ 11) എന്നിവർ സച്ചിനു പിന്തുണ നൽകി.
Read Also: 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ
മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഹിമാചലിനെ കെട്ടുപൊട്ടിച്ചോടാൻ കേരള അനുവദിച്ചില്ല. ഏറെക്കാലത്തിനു ശേഷം ടീമിൽ മടങ്ങിയെത്തിയ വിനോദ് കുമാർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ 8 റൺസെടുക്കുന്നതിനിടെ ഹിമാചലിന് രണ്ട് വിക്കറ്റ് നഷ്ടമായി. വിനോദ് കുമാർ തുടങ്ങിയത് ശ്രേയാസ് ഗോപാൽ തുടർന്നു. മധ്യനിരയിൽ 32 പന്തിൽ 42 റൺസ് നേടിയ നിഖിൽ ഗങ്റ്റയും 22 പന്തിൽ 26 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋഷി ധവാനുമാണ് ഹിമാചലിനായി തിളങ്ങിയത്. കേരളത്തിനായി വിനോദും ശ്രേയാസും 4 വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സർവീസസ് ആണ് കേരളത്തിൻ്റെ എതിരാളികൾ.